ഡല്‍ഹി: വാഹനങ്ങള്‍ക്ക് ഇന്ധനം, ഫാസ്റ്റ് ടാഗ് എന്നിവ വാങ്ങുന്നതിനും ലൈസന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കുന്നതിനും പുതിയ മാനദണ്ഡവുമായി സര്‍ക്കാര്‍.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിപുലീകരിക്കുന്നതിനുള്ള വിവിധ നടപടികള്‍ പരിഗണിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം റോഡ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹന ഉടമകള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കുക, ഇന്ധനം വാങ്ങാനും ഫാസ്റ്റ് ടാഗുകള്‍ നേടാനും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്ന് ആവശ്യപ്പെടുക, ഡ്രൈവിംഗ് ലൈസന്‍സും മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റും പുതുക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു
വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ മാനദണ്ഡം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഇന്ത്യന്‍ റോഡുകളില്‍ ഓടുന്ന കൂടുതല്‍ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കം. അപകടത്തില്‍ അപരിചിതര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ നികത്താനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും മൂന്നാം കക്ഷി അപകടസാധ്യതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് 1988 ലെ മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യപ്പെടുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം.
കൂടാതെ മൂന്നാം കക്ഷി ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കുന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് റോഡ് മന്ത്രാലയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കണക്കുകള്‍ പ്രകാരം 2024 ല്‍ ഇന്ത്യന്‍ റോഡുകളില്‍ ഓടുന്ന ഏകദേശം 350-400 ദശലക്ഷം വാഹനങ്ങളില്‍ ഏകദേശം 50% വാഹനങ്ങള്‍ക്ക് മാത്രമാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കവറേജ് ഉള്ളത്.