ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം; ഇറാൻ–ഇസ്രായേൽ/അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി; ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും ലീഗ് നേതാവ്

New Update
et m

ഡൽഹി:ഇറാൻ–ഇസ്രായേൽ/അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്റ് പാർട്ടി ലീഡറുമായ ഇ. ടി. മുഹമ്മദ് ബഷീർ എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കത്ത് നൽകി.

Advertisment

ബഹ്റൈൻ, കുവൈറ്റ്, യുഎഇ, ഖത്തർ, സൗദി, ഒമാൻ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വലിയ തോതിൽ ഇന്ത്യൻ പൗരന്മാർ ജോലി ചെയ്യുന്ന സാഹചര്യത്തിൽ, നിലവിലെ സംഘർഷാവസ്ഥ അവർക്കിടയിൽ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചിട്ടുണ്ടെന്ന് കത്തിൽ എംപി ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ തൊഴിലാളികൾ സുരക്ഷ, ജോലി സ്ഥിരത, അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാകുമോ എന്ന ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ സംഘർഷം വ്യാപകമാകാനുള്ള സാധ്യത പരിഗണിച്ച് ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ഇന്ത്യൻ പൗരന്മാരുമായി സ്ഥിരം ബന്ധം നിലനിർത്തണമെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിന് ഇന്ത്യ തന്റെ പാരമ്പര്യമായ സമാധാനപരവും നിഷ്പക്ഷവുമായ വിദേശനയം പ്രാവർത്തികമാക്കി നയതന്ത്ര ഇടപെടലുകൾ ശക്തമാക്കണമെന്നും, അന്താരാഷ്ട്ര വേദികളിലൂടെ സമാധാന ചർച്ചകൾ ആരംഭിക്കാൻ മുൻകൈ എടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു.

Advertisment