ഇറ്റാനഗര്‍: അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ചൈന നിർമിക്കുന്ന മെഗാ അണക്കെട്ട് ഇന്ത്യക്ക് നേരെയുള്ള ജല ബോംബായിരിക്കുമെന്നും അത് കിഴക്കൻ സംസ്ഥാനങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുമെന്നും മുഖ്യമന്ത്രി പെമ ഖണ്ഡു.
വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രഹ്മപുത്ര നദിയിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതി ഗുരുതരമായ ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് പെമ ഖണ്ഡു പറഞ്ഞു.
അന്താരാഷ്ട്ര ജല ഉടമ്പടിയിൽ ചൈന ഒപ്പുവെച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാൻ ചൈന നിർബന്ധിതരാകുമായിരുന്നു.
അന്താരാഷ്ട്ര ജല കരാറുകളിൽ ചൈന ഒപ്പുവച്ചിരുന്നെങ്കിൽ, അരുണാചൽ പ്രദേശ്, അസം, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വേനൽക്കാല വെള്ളപ്പൊക്കം തടയാമായിരുന്നതിനാൽ ഈ പദ്ധതി ഒരു അനുഗ്രഹമാകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
"പക്ഷേ ചൈന ഒപ്പുവെച്ചിട്ടില്ല, അതാണ് പ്രശ്നം. അണക്കെട്ട് പണിയുകയും അവർ പെട്ടെന്ന് വെള്ളം തുറന്നുവിടുകയും ചെയ്താൽ, നമ്മുടെ സിയാങ് ബെൽറ്റ് മുഴുവൻ നശിപ്പിക്കപ്പെടും.
പ്രത്യേകിച്ച്, ആദി ഗോത്രവും അതുപോലുള്ള ഗ്രൂപ്പുകളും. അവരുടെ എല്ലാ സ്വത്തുക്കളും ഭൂമിയും പ്രത്യേകിച്ച് മനുഷ്യജീവിതവും വിനാശകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം വിശദീകരിച്ചു.
"ചൈനയെ വിശ്വസിക്കാൻ കഴിയില്ല എന്നതാണ് പ്രശ്നം. അവർ എന്തുചെയ്യുമെന്ന് ആർക്കും അറിയില്ല," ഖണ്ഡു അഭിമുഖത്തിൽ പറഞ്ഞു.