ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി കൂടുതൽ അടുക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും വൈഎസ്ആർ കോൺഗ്രസും ശ്രമിക്കുന്നതായി സൂചന.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ജഗന്റെ കൂടിക്കാഴ്ചയാണ് ഇത്തരത്തിലൊരു സൂചന നൽകുന്നത്. അതേ സമയം ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി എൻഡിഎയിലേക്ക് തിരികെയെത്തുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ആന്ധ്രയ്ക്ക് പ്രത്യേക കാറ്റഗറി പദവി വേണമെന്ന ആവശ്യം ജഗൻ ആവർത്തിച്ചതായാണ് റിപ്പോർട്ട്. 30 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച ഫലപ്രദമായിരുന്നു എന്നാണ് ജഗൻ പ്രതികരിച്ചത്.
പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ജഗൻ മോദിയെ പ്രത്യേകം കണ്ടത് എന്നതും ശ്രദ്ധേയമാണ്.
ഏതാനും ദിവസങ്ങളായി രാജ്യതലസ്ഥാനത്തായിരുന്ന ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും നേരത്തെ അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ആന്ധ്രയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾക്കായി ടിഡിപിയുമായും സഖ്യകക്ഷിയായ ജനസേനാ പാർട്ടിയുമായും (ജെഎസ്‌പി) ബിജെപി കരാർ ഉറപ്പിച്ചതായി ഇരുവശത്തു നിന്നുമുള്ള വൃത്തങ്ങൾ പിന്നീട് സൂചിപ്പിച്ചു.