കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ ദുരവസ്ഥയിൽ ആശങ്ക അറിയിച്ച് അമിക്കസ് ക്യൂറി. ജയിൽവാസം അനുഭവിക്കുന്ന വനിതാ തടവുകാരിൽ ചിലർ ഗർഭിണിയാകുന്നുണ്ടെന്നും, പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുഞ്ഞുങ്ങൾ കഴിയുന്നുണ്ടെന്നും അമിക്കസ് ക്യൂറി കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു.
ജയിലുകളിലെ തവുകാരുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ച് 2018-ൽ സ്വമേധയാ സമർപ്പിച്ച ഹർജിയിലാണ്, തപസ് കുമാര്‍ ഭഞ്ജയെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചത്. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിൻ്റെയും ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യയുടെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് അമിക്കസ് ക്യൂറി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിച്ചത്.
ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിന് മുമ്പാകെവെച്ച വിഷയം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ക്രിമിനൽ പട്ടികയുള്ള ഡിവിഷൻ ബെഞ്ച് വാദം കേൾക്കുമ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും ഹാജരാകണം. വിഷയം പഠിച്ച അമിക്കസ് ക്യൂറി ഈ കാര്യങ്ങൾ പരാമർശിക്കുകയും ചില ഗുരുതരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
/sathyam/media/media_files/kUSsQPTwqKw9qRezpiwb.jpg)
അത്തരത്തിൽ പരാമർശിച്ച പ്രശ്‌നമാണ് കസ്റ്റഡിയിലിരിക്കെ വനിതാ തടവുകാർ ഗർഭിണിയാകുന്നത്. നിലവിൽ പശ്ചിമ ബംഗാളിലെ വിവിധ ജയിലുകളിലായി 196 കുട്ടികള്‍ ജനിച്ചതായും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ പുരുഷ ജീവനക്കാർ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്നും നിർദ്ദേശമുണ്ടായി.
കൂടാതെ, എല്ലാ വനിതാ തടവുകാരെയും ജയിലുകളിലേക്ക് അയക്കുന്നതിന് മുൻമ്പായി ഗർഭ പരിശോധനയ്ക്ക് വിധേയരാകണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചു.
തടവുകാരുടെ ഗര്‍ഭധാരണം സംബന്ധിച്ച് അറിവില്ലെന്നാണ് ജയില്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക‍് അമ്മമാരോടൊപ്പം ജയിലിൽ കഴിയാൻ അനുവാദമുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.