/sathyam/media/media_files/2025/04/24/hXQfaBZd5dNurXnEU8du.jpg)
ജയ്പ്പൂർ: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തെതുടർന്ന് ഇന്ത്യൻ യുവാവും പാകിസ്ഥാൻ യുവതിയുമായി ഇന്നു നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അട്ടാരി അതിർത്തി അടച്ചതോടെയാണ് കല്യാണത്തിൽ പങ്കെടുക്കാൻ വരന് സാധിക്കാതിരുന്നത്.
രാജസ്ഥാൻ സ്വദേശിയായ ഷൈത്താൻ സിങ്ങിന്റെ കല്യാണമായിരുന്നു ഇന്ന്.
പാകിസ്താൻ സ്വദേശിനിയാണ് വധു. വിവാഹത്തിനായി സിങ്ങും കുടുംബവും ഇന്ന് പാകിസ്താനിലേക്ക് പോകാനിരിക്കെയാണ് പൊടുന്നനെ കേന്ദ്ര തീരുമാനമുണ്ടായത്.
അമൃത്സറിലെ അട്ടാരി ഇന്റർ​ഗ്രേറ്റഡ് ചെക്ക്പോസ്റ്റ് അടച്ചതോടെ സിങ്ങിനും കുടുംബത്തിനും പാകിസ്താനിലേക്ക് പോകാനായില്ല.
ഇതോടെ വിവാഹം മാറ്റിവച്ചു. അതിർത്തി അടച്ചതിനാൽ വീട്ടിലേക്ക് തിരിച്ചെത്തിയ ഷൈത്താൻ സിങ്ങിന്റെ കുടുംബത്തിന് വിവാഹം ഇനിയെന്ന് നടക്കുമെന്ന ആശങ്കയുണ്ട്.
ഭീകരർ ചെയ്തത് വലിയ തെറ്റാണെന്നും, അതിർത്തി അടച്ചിരിക്കുന്നതിനാൽ പാകിസ്താനിലേക്ക് പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും, എന്താകുമെന്ന് നോക്കാമെന്നും ഷൈത്താൻ സിങ് ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
ഇന്നലെയാണ് അട്ടാരിയിലെ സംയോജിത ചെക്ക്‌പോസ്റ്റ് അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
സാധുവായ അംഗീകാരത്തോടെ കടന്നുപോയവർക്ക് മെയ് ഒന്നിന് മുമ്പ് ആ വഴി തിരികെ വരാമെന്നും കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ രാത്രി ചേർന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us