ജയ്പൂര്‍: പിണങ്ങിപ്പോയ ഭാര്യ മടങ്ങിവരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് നരബലി നടന്നത് സംഭവം.
മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത.
മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
മൂന്ന് ദിവസം മുമ്പ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുണ്ടവാർ എസ്എച്ച്ഒ മഹാവീർ സിങ് പറഞ്ഞു.
ലോകേഷ് എന്ന അഞ്ചു വയസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.