ജയ്സാൽമീർ: പാകിസ്താൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രാജസ്ഥാൻ സ്വദേശിയെ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.
ജയ്‌സാൽമീർ നിവാസിയായ പത്താൻ ഖാൻ ആണ് അറസ്റ്റിലായതെന്ന് ഇന്റലിജൻസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.1923 ലെ ഒഫിഷ്യൽ സീക്രട്ട് നിയമപ്രകാരമാണ് പത്താൻ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പത്താൻ ഖാൻ 2013 ൽ പാകിസ്താൻ സന്ദർശിക്കുകയും പാക് ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അധികൃതർ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്താന് പണവും ചാരവൃത്തിക്കായി പരിശീലനവും ലഭിച്ചെന്നും 2013 ന് ശേഷവും, പാകിസ്താനിൽ പോകുകയും പാക് ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തുകയും ചെയ്‌തെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ജയ്സാൽമീർ അതിർത്തിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ പങ്കുവെച്ചെന്നും ഇന്റലിജൻസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.