കശ്മീർ : പാകിസ്ഥാൻ അധിനിവേശത്തിലുള്ള ജമ്മു & കശ്മീരിന്റെ ഭാഗം തിരിച്ചുനൽകിയാൽ പ്രദേശിക തർക്കം പരിഹരിക്കപ്പെടുമെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു.
പാക് അധീന കശ്മീർ (പിഒകെ) തിരിച്ചുപിടിക്കുന്നതിൽ നിന്ന് സർക്കാരിനെ ആരാണ് തടയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് സർക്കാർ പിഒകെ ഉടൻ തിരിച്ചുപിടിക്കാത്തതെന്നും ചൈന കൈവശപ്പെടുത്തിയ പ്രദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
"കാർഗിൽ യുദ്ധം നടന്നപ്പോൾ പാക് അധീന കശ്മീർതിരിച്ചുപിടിക്കാൻ നല്ല അവസരമായിരുന്നു. ചെയ്തില്ല. അന്ന് ന്യായം പറഞ്ഞത് പാക്കിസ്ഥാൻ നമ്മെ ആക്രമിച്ചു എന്നാണ്. പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീർ തിരിച്ചുപിടിക്കാൻ ആത്മാർത്ഥമായും ആഗ്രഹിച്ചിരുന്നെങ്കിൽ അന്നത് തീർച്ചയായും ചെയ്യാമായിരുന്നു. ശരി പോകട്ടെ. ഇന്നതിനു കഴിയുമെങ്കിൽ ചെയ്യുക. എന്നാൽ നമ്മൾ ജമ്മു കശ്മീരിന്റെ ഭൂപടം കാണുമ്പൊൾ അതിൽ ഒരു ഭാഗം പാക്കിസ്ഥാന്റെ കൈവശമാണെന്ന് നമുക്കറിയാം. എന്നാൽ കശ്മീരിന്റെ ഒരു ഭാഗം ചൈനയുടെ പക്കലുമുണ്ട്. അത് തിരിച്ചുപിടിക്കുമെന്ന് ആരുമെന്താണ് പറയാത്തത് ? അതേപ്പറ്റി ആരും മിണ്ടുന്നില്ലല്ലോ" ?
ബുധനാഴ്ച ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, "പാകിസ്ഥാൻ നിയമവിരുദ്ധമായി അധിനിവേശം ചെയ്ത കശ്മീരിന്റെ ഭാഗം തിരികെ കൊണ്ടുവന്നതിന് ശേഷം കശ്മീർ തർക്കം പരിഹരിക്കപ്പെടുമെന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കർ പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നൽകിയത്.