"ജനവിധി കോടതിയിലൂടെ അട്ടിമറിക്കാനാവില്ല"; പ്രശാന്ത് കിഷോറിന്റെ ഹർജി തള്ളി സുപ്രീം കോടതി

ഹര്‍ജി പരിഗണിക്കവെ പാര്‍ട്ടിക്ക് ലഭിച്ച വോട്ട് വിഹിതത്തെക്കുറിച്ച് കോടതി ആരാഞ്ഞു. 243 മണ്ഡലങ്ങളില്‍ 242-ലും മത്സരിച്ചിട്ടും ഒരിടത്ത് പോലും വിജയിക്കാന്‍ ജന്‍ സൂരാജിനായിരുന്നില്ല.

New Update
Untitled

ഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സൂരാജ് പാര്‍ട്ടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരസ്‌കരിച്ചവര്‍ക്ക് കോടതിയെ ഉപയോഗിച്ച് വിധി മാറ്റിയെഴുതാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Advertisment

സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ ദുരുപയോഗം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിച്ചു എന്നാരോപിച്ചാണ് ജന്‍ സൂരാജ് കോടതിയെ സമീപിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ വിസമ്മതിച്ച കോടതി, പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.


ഹര്‍ജി പരിഗണിക്കവെ പാര്‍ട്ടിക്ക് ലഭിച്ച വോട്ട് വിഹിതത്തെക്കുറിച്ച് കോടതി ആരാഞ്ഞു. 243 മണ്ഡലങ്ങളില്‍ 242-ലും മത്സരിച്ചിട്ടും ഒരിടത്ത് പോലും വിജയിക്കാന്‍ ജന്‍ സൂരാജിനായിരുന്നില്ല.

'ജനങ്ങള്‍ നിങ്ങളെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്, കോടതിയിലൂടെ ആശ്വാസം തേടുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് തന്നെ അസാധുവാക്കണമെന്ന നിങ്ങളുടെ ആവശ്യം അംഗീകരിക്കാനാവില്ല,' കോടതി നിരീക്ഷിച്ചു.


വിഷയം ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതായതിനാല്‍ പാട്ന ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച ഗൗരവകരമായ കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.


തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം കൈമാറിയെന്നാണ് ജന്‍ സൂരാജിന്റെ പ്രധാന ആരോപണം.

Advertisment