'ജനനായകൻ' സെൻസർ തർക്കം: കോടതിയിൽ നിന്ന് പിന്മാറി വിജയ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ; റിലീസ് ഉടൻ?

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒരു മാസത്തോളമായി നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്.

New Update
Untitled

ചെന്നൈ: ഇളയദളപതി വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകന്‍' നേരിട്ടിരുന്ന നിയമതടസ്സങ്ങള്‍ നീങ്ങി. സെന്‍സര്‍ ബോര്‍ഡിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കോടതി അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ സ്വീകരിച്ചത്.

Advertisment

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒരു മാസത്തോളമായി നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്.


കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിന് പകരം സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റിക്ക് മുന്‍പാകെ ചിത്രം സമര്‍പ്പിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. കമ്മിറ്റിയുടെ തീരുമാനത്തിന് ശേഷം ചിത്രത്തിന് യു, യു/എ അല്ലെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു.

ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സൈനിക ചിഹ്നങ്ങള്‍ ഉപയോഗിച്ചതില്‍ പ്രതിരോധ വിദഗ്ധരുടെ ഉപദേശം തേടിയില്ലെന്നും ബോര്‍ഡ് അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. സുപ്രീം കോടതി വരെ നീണ്ട തര്‍ക്കത്തിനൊടുവിലാണ് കേസ് വീണ്ടും ഹൈക്കോടതിയില്‍ എത്തിയതും ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ അത് പിന്‍വലിച്ചതും.


എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' വിജയ്യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായാണ് ആരാധകര്‍ കാണുന്നത്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിക്കും.

Advertisment