ജനസേനാ എംഎൽഎ പീഡിപ്പിച്ചു, അഞ്ച് തവണ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. ഭർത്താവിനെ ഒഴിവാക്കാൻ ഭീഷണിപ്പെടുത്തി; ഗുരുതര ആരോപണവുമായി സർക്കാർ ഉദ്യോഗസ്ഥ. രാഷ്ട്രീയ ഗൂഢാലോചനയെന്ന് എംഎൽഎ; ഇടപെട്ട് വനിതാ കമ്മീഷൻ

തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും പ്രചരിക്കുന്ന വീഡിയോകള്‍ 'ഡീപ് ഫേക്ക്' ആണെന്നും അരവ ശ്രീധര്‍ പ്രതികരിച്ചു.

New Update
Untitled

അമരാവതി: ആന്ധ്രാപ്രദേശിലെ റെയില്‍വേ കോടൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജനസേനാ പാര്‍ട്ടി എംഎല്‍എ അരവ ശ്രീധറിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥ രംഗത്ത്.

Advertisment

വിവാഹ വാഗ്ദാനം നല്‍കി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നും അഞ്ച് തവണ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നുമാണ് യുവതി വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു.


2024-ല്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പീഡനം തുടങ്ങിയതെന്ന് യുവതി ആരോപിക്കുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ കൊണ്ടുപോയി തന്നെ ഉപദ്രവിച്ചുവെന്നാണ് യുവതി പറയുന്നത്.


തന്നെ അഞ്ച് തവണ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാത്ത പക്ഷം കുടുംബത്തെയും ജോലിയെയും തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനെ വിളിച്ച് വിവാഹമോചനം നേടാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും യുവതി ആരോപിച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ താന്‍ വിവാഹം കഴിക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നതായും വീഡിയോയില്‍ പറയുന്നു. 

തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും പ്രചരിക്കുന്ന വീഡിയോകള്‍ 'ഡീപ് ഫേക്ക്' ആണെന്നും അരവ ശ്രീധര്‍ പ്രതികരിച്ചു.


'പവന്‍ കല്യാണിന്റെ പാത പിന്തുടര്‍ന്ന് ജനസേവനം നടത്തുന്ന തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. കഴിഞ്ഞ ആറുമാസമായി താന്‍ ഇതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്. ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും,' അദ്ദേഹം പറഞ്ഞു.


ആന്ധ്രാപ്രദേശ് വനിതാ കമ്മീഷന്‍ അധ്യക്ഷ രായപതി ശൈലജ സംഭവത്തില്‍ ഇടപെടുകയും പരാതിക്കാരിയായ യുവതിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. അതേസമയം, പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Advertisment