/sathyam/media/media_files/2026/01/13/jananayakan-2026-01-13-13-47-36.jpg)
ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകന്' മദ്രാസ് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി.
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി.
സെന്‍സര്‍ ബോര്‍ഡിന് മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് മതിയായ സമയം അനുവദിക്കണമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസില്‍ വീണ്ടും വാദം കേള്‍ക്കല്‍ നടക്കും.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി ലഭിക്കാതെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ജനുവരി 20-ന് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്.
പൊങ്കല്‍ റിലീസായി ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജനനായകന്‍. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ്, ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചു.
തുടര്‍ന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയെ സമീപിക്കുകയും, നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി ചിത്രത്തിന് 'യുഎ' സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതൊരു ആദ്യഘട്ട വിജയമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഇതിനെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കിയതോടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു.
നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കേസ് അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജി തള്ളുകയും മദ്രാസ് ഹൈക്കോടതിയെ തന്നെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരെയ്ന്‍, പ്രിയാമണി തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us