/sathyam/media/media_files/2025/02/16/F2245NzxRVlTLn3AhVXc.jpg)
ന്യൂഡൽഹി: ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതി നിർദേശത്തെ സ്വാഗതം ചെയ്ത കോൺഗ്രസ്. ഇതിലൂടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ ‘ക്രൂരമായ ആക്രമണ’ത്തെ പൂർണമായും തുറന്നുകാട്ടപ്പെട്ടുവെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളെ ഈ പ്രക്രിയയിൽ ഉൾപ്പെടുത്തിക്കൊണ്ട് പുനഃപരിശോധന കൂടുതൽ ഉൾക്കൊള്ളൽപരമാക്കാൻ സുപ്രീം കോടതി സംരക്ഷണ മതിലുകൾ സ്ഥാപിച്ചുവെന്നും ഇതുവരെയുള്ള ഇ.സി.ഐയുടെ സമീപനം വോട്ടർമാരുടെ താൽപര്യങ്ങൾക്ക് വിരുദ്ധവും തടസ്സപ്പെടുത്തുന്നതുമായിരുന്നുവെന്നും പ്രതിപക്ഷ പാർട്ടി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക്, ഓഫ്ലൈൻ ആയും ഓൺലൈൻ ആയും അപേക്ഷ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സുപ്രീംകോടതി ഇ.സി.ഐയോട് നിർദേശിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആധാർ കാർഡോ മറ്റ് 11 രേഖകളിൽ ഏതെങ്കിലും ഒന്നിനൊപ്പമോ വോട്ടർമാർക്ക് അവകാശത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാൻ അനുവദിച്ചു.
65 ലക്ഷം ഒഴിവാക്കപ്പെട്ട വോട്ടർമാരുമായി ബന്ധപ്പെട്ട എതിർപ്പുകൾ സമർപ്പിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വരാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച സുപ്രീംകോടതി, കോടതി നടപടികളിൽ അവരെ ഉൾപ്പെടുത്താൻ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറോട് നിർദേശിച്ചു.