/sathyam/media/media_files/2026/03/09/jayasankar-2026-03-09-12-58-46.jpg)
ഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസാഹചര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ലോക്‌സഭയെ അറിയിച്ചു.
എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാടെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിച്ചുവരികയാണ്. പശ്ചിമേഷ്യയിലെ അസ്ഥിരത ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നും ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ-വ്യാപാര പങ്കാളിയാണ് ഈ മേഖലയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ 67,000 ഇന്ത്യന്‍ പൗരന്മാര്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് മടങ്ങിയെത്തിയതായി മന്ത്രി അറിയിച്ചു. ഇറാനിലുള്ള ഇന്ത്യക്കാര്‍ക്ക് നേരത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പലരും അത് അവഗണിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനിലെ ഇന്ത്യന്‍ എംബസി പൂര്‍ണ്ണ സജ്ജമാണെന്നും അവിടെയുള്ള പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇറാന്റെ ഔദ്യോഗിക നേതൃത്വവുമായി ബന്ധപ്പെടുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ യുദ്ധക്കപ്പലായ 'ലാവന്‍' കൊച്ചി തുറമുഖത്ത് അടുക്കാന്‍ അനുമതി നല്‍കിയതിന് ഇറാന്റെ വിദേശകാര്യ മന്ത്രി ഇന്ത്യയ്ക്ക് നന്ദി അറിയിച്ചതായും ജയശങ്കര്‍ സഭയെ അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയായിരുന്നു ഈ നടപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us