/sathyam/media/media_files/nyrJsWH6e3qryHkNBT8x.jpg)
ഡൽഹി: ഇന്ത്യ തേടുന്നത് പങ്കാളികളെയാണെന്നും ഉപദേശകരെയല്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആർട്ടിക് സർക്കിൾ ഇന്ത്യ ഫോറത്തിൽ, ഇന്ത്യ യൂറോപ്പിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ പ്രസംഗിക്കുന്നത് സ്വന്തം രാജ്യത്ത് പ്രാവർത്തികമാക്കാത്ത ഉപദേശകരെ ഇന്ത്യ ആഗ്രഹിക്കുന്നേയില്ല. യൂറോപ്പിൽ നിന്നുള്ള ചില നേതാക്കളിൽ ആ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ചിലരിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയുടെ കാഴ്ചപ്പാടിൽ, രാജ്യങ്ങൾ തമ്മിൽ ഒരു പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ ചില ധാരണകളും അവബോധവും ഉണ്ടാകണം. പരസ്പര താത്പര്യങ്ങളും ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവും ഉണ്ടാകണം. ഇവയെല്ലാം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിലയിലാണ് മനസിലാക്കപ്പെടുന്നത്. ചിലർ കൂടുതൽ മുന്നോട്ട് പോയി. ചിലർ അൽപം പിന്നിലേക്കാണെന്നും മന്ത്രി പറഞ്ഞു.