ജയ്‍പൂര്‍: ബലാത്സംഗികളെ തെരുവ് നായകളെപ്പോലെ വന്ധീകരണത്തിന് വിധേയമാക്കണമെന്ന് രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെ.
ബലാത്സംഗക്കേസിലെ പ്രതികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ തല്ലുകയും തെരുവ് നായകളെ പോലെ വന്ധ്യംകരിക്കുകയും ചെയ്യണമെന്നാണ് ബാഗ്ഡെ പറഞ്ഞത്.
മഹാത്മാഗാന്ധി വെറ്ററിനറി കോളജിൽ നടന്ന ഭരത്പൂർ ബാർ കൗൺസിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജുഡീഷ്യൽ ഓഫീസർമാരെയും അഭിഭാഷകരെയും മറ്റ് പ്രമുഖരെയും അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വന്ധീകരണം നടത്തിയതായി ചൂണ്ടിക്കാട്ടി.
ബലാത്സംഗം ചെയ്യുന്നവരെ ലിംഗഛേദം ചെയ്ത് അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുമ്പോൾ അതിൽ ഇടപെടുന്നതിന് പകരം അത് ഫോണിൽ പകര്‍ത്തുന്നവരെ കാണാറുണ്ട്. കുറ്റവാളിയെ പിടികൂടുകയാണ് വേണ്ടത്.
പക്ഷേ അതാരും ചെയ്യുന്നില്ല'' ബാഗ്ഡെ പറഞ്ഞു. ശിവാജിയുടെ ഭരണകാലത്ത് ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട ഒരു ഗ്രാമത്തലവന്‍റെ കൈകാലുകൾ ശിക്ഷയായി തല്ലിയൊടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു.