പ്രതിഭയ്ക്ക് തുണയായി പോലീസ് ഉദ്യോഗസ്ഥൻ; ജെഇഇ മെയിനിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിക്ക് കോട്ടയിൽ ഉപരിപഠനത്തിന് വഴിയൊരുങ്ങി

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി രാജ്യത്തെ മികച്ച ഐഐടികളില്‍ ഒന്നില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുക എന്നതാണ് തനിഷ്‌കിന്റെ ലക്ഷ്യം.

New Update
Untitled

കോട്ട: കഠിനാധ്വാനത്തിന് ഭാഗ്യം തുണയാകുമെന്ന് പറയുന്നത് തനിഷ്‌ക് ജെയിനിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായി.

Advertisment

ജെഇഇ മെയിന്‍ പരീക്ഷയില്‍ 99.30 പെര്‍സെന്റൈല്‍ നേടി മികച്ച വിജയം കരസ്ഥമാക്കിയിട്ടും, സാമ്പത്തിക പരാധീനത മൂലം ജെഇഇ അഡ്വാന്‍സ്ഡ് പരിശീലനത്തിന് കോട്ടയിലെ പ്രശസ്തമായ കോച്ചിംഗ് സെന്ററുകളില്‍ ചേരാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു ഈ മിടുക്കന്‍. എന്നാല്‍ ഒരു രാജസ്ഥാന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥന്റെ കാരുണ്യം തനിഷ്‌കിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയിരിക്കുകയാണ്.


തനിഷ്‌കിന്റെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പോലീസ് ഉദ്യോഗസ്ഥന്‍ സഹായഹസ്തവുമായി എത്തിയത്. അദ്ദേഹം മുന്‍കൈ എടുത്ത് തനിഷ്‌കിന് കോട്ടയിലെ പ്രമുഖ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ വാങ്ങി നല്‍കുകയും താമസത്തിനായി സൗജന്യ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.

രാജസ്ഥാന്‍-മധ്യപ്രദേശ് അതിര്‍ത്തിയിലെ ഭവാനി മണ്ടി സ്വദേശിയാണ് തനിഷ്‌ക്. അച്ഛന്‍ പരസ് ജെയിന്‍ ഒരു തയ്യല്‍ക്കാരനാണ്, മുത്തച്ഛന്‍ ചന്തയില്‍ കൈവണ്ടി വലിച്ചാണ് ഉപജീവനം കണ്ടെത്തുന്നത്. കോച്ചിംഗ് ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെയും സ്വയം പഠനത്തെയും ആശ്രയിച്ചാണ് തനിഷ്‌ക് ജെഇഇ മെയിനില്‍ തിളക്കമാര്‍ന്ന വിജയം നേടിയത്.

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി രാജ്യത്തെ മികച്ച ഐഐടികളില്‍ ഒന്നില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുക എന്നതാണ് തനിഷ്‌കിന്റെ ലക്ഷ്യം.


കഴിഞ്ഞ വര്‍ഷം ജെഇഇ അഡ്വാന്‍സ്ഡ് വിജയിച്ച് ഐഐടി ജമ്മുവില്‍ സിവില്‍ എന്‍ജിനീയറിങ് സീറ്റ് ലഭിച്ചെങ്കിലും, കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കണമെന്ന ആഗ്രഹത്താല്‍ ആ അവസരം വേണ്ടെന്നു വെച്ച് വീണ്ടും പരീക്ഷ എഴുതുകയായിരുന്നു തനിഷ്‌ക്.


മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് തനിഷ്‌ക് ഇപ്പോള്‍. ആത്മവിശ്വാസത്തോടെയും പോലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയും തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഈ യുവാവ്.

Advertisment