ജെജു ദ്വീപ് സന്ദർശിക്കുന്നവർ ശ്രദ്ധിക്കുക: വിസ രഹിത പ്രവേശനം ഉറപ്പല്ല; പുതിയ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി

നിശ്ചിത തീയതിയിലുള്ള കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്. താമസിക്കുന്ന മുഴുവന്‍ ദിവസങ്ങളിലേക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍.

New Update
Untitled

ഹൈദരാബാദ്: ദക്ഷിണ കൊറിയയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ജെജു ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി സിയോളിലെ ഇന്ത്യന്‍ എംബസി.

Advertisment

വിസ രഹിത പ്രവേശന സൗകര്യം ഉപയോഗിച്ച് ജെജുവില്‍ എത്തുന്ന ചില ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രവേശന വിലക്കും കണക്കിലെടുത്താണ് എംബസി ഈ നടപടി സ്വീകരിച്ചത്.


ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ജെജു ദ്വീപില്‍ മാത്രമായി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണിത്. ഇതനുസരിച്ച് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ തന്നെ നേരിട്ട് ജെജു ദ്വീപിലെത്തി നിശ്ചിത ദിവസം താമസിക്കാം. എന്നാല്‍, ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് ദക്ഷിണ കൊറിയയുടെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയില്ല.


വിസ രഹിത സൗകര്യം ഉണ്ടെങ്കിലും പ്രവേശനം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം കൊറിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിനാണ്. 

യാത്രക്കാര്‍ താഴെ പറയുന്ന രേഖകളുടെ പകര്‍പ്പുകള്‍കൈവശം വെക്കണം:

നിശ്ചിത തീയതിയിലുള്ള കണ്‍ഫേം ചെയ്ത റിട്ടേണ്‍ ടിക്കറ്റ്. താമസിക്കുന്ന മുഴുവന്‍ ദിവസങ്ങളിലേക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖകള്‍.

ഓരോ ദിവസവും എവിടെയൊക്കെ സന്ദര്‍ശിക്കുന്നു എന്നതിന്റെ വ്യക്തമായ പ്ലാന്‍. ബാങ്ക് സ്റ്റേറ്റ്മെന്റുകളോ ഇന്റര്‍നാഷണല്‍ ഫോറെക്‌സ് കാര്‍ഡുകളോ വഴി മതിയായ പണം കൈവശമുണ്ടെന്ന് തെളിയിക്കണം.കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുണ്ടാകണം.

'ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഭിമുഖങ്ങളില്‍ സത്യസന്ധമായും വ്യക്തമായും മറുപടി നല്‍കുക. ജെജുവില്‍ നിന്ന് വിസയില്ലാതെ കൊറിയയുടെ മറ്റ് നഗരങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ഭാവിയില്‍ കൊറിയയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായേക്കാം.'ഇന്ത്യന്‍ എംബസി അറിയിച്ചു.


ഏതെങ്കിലും കാരണവശാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചാല്‍, ആ യാത്രക്കാരെ അടുത്ത വിമാനത്തില്‍ തന്നെ തിരികെ അയക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ എംബസിക്ക് കഴിയില്ല. എന്നാല്‍ ഹോള്‍ഡിംഗ് സെന്ററുകളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ കോണ്‍സുലര്‍ സഹായങ്ങള്‍ എംബസി ഉറപ്പാക്കും.


നിലവില്‍ ജെജു ദ്വീപിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ കുറവായതിനാല്‍, മറ്റൊരു രാജ്യത്തിലൂടെ ട്രാന്‍സിറ്റ് വിസയില്‍ ജെജുവില്‍ എത്തുന്നവര്‍ നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കണമെന്നും എംബസി ഓര്‍മ്മിപ്പിച്ചു.

Advertisment