/sathyam/media/media_files/2026/03/04/untitled-2026-03-04-12-10-52.jpg)
ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധം ഗള്‍ഫ് മേഖലയിലാകെ പടര്‍ന്നതോടെ പതിനായിരക്കണക്കിന് വിമാനയാത്രക്കാര്‍ ദുരിതത്തില്‍. ദുബായ്, അബുദാബി, ദോഹ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചതോടെ ഗള്‍ഫില്‍ കുടുങ്ങിയ സമ്പന്നരായ യാത്രക്കാര്‍ ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ചാര്‍ട്ടര്‍ വിമാനങ്ങളെ ആശ്രയിക്കുകയാണ്.
യൂറോപ്പിലേക്കും മറ്റും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഏകദേശം 200,000 യൂറോ (ഏകദേശം 1.8 കോടി രൂപ) വരെയാണ് ഒരു യാത്രയ്ക്കായി ചെലവാക്കുന്നത്.
സ്വകാര്യ ജെറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികമാണ് ഇപ്പോള്‍ ഈടാക്കുന്നത്. റിയാദില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് 16 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന് നേരത്തെ ഒരു ലക്ഷം യൂറോയായിരുന്നു നിരക്കെങ്കില്‍ ഇപ്പോഴത് രണ്ട് ലക്ഷം യൂറോയായി ഉയര്‍ന്നു.
വിമാനങ്ങളുടെ ദൗര്‍ലഭ്യം, യുദ്ധമേഖലയിലൂടെയുള്ള യാത്രാ റിസ്‌ക്, വിമാനങ്ങള്‍ വിന്യസിക്കുന്നതിലെ അധികച്ചെലവ് എന്നിവയാണ് നിരക്ക് കൂടാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
യുഎഇയില്‍ കുടുങ്ങിയവര്‍ വിമാന സര്‍വീസുകള്‍ ലഭ്യമായ ഒമാനിലെ മസ്‌കറ്റിലേക്കും സൗദി അറേബ്യയിലെ റിയാദിലേക്കും റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുകയാണ്.
ദുബായില്‍ നിന്ന് ഏകദേശം നാല് മണിക്കൂര്‍ യാത്ര ചെയ്ത് മസ്‌കറ്റിലെത്തി അവിടെ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കയറാനാണ് പലരും ശ്രമിക്കുന്നത്. ഇതേത്തുടര്‍ന്ന് ഒമാന്‍ അതിര്‍ത്തിയില്‍ നാലും അഞ്ചും മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പത്ത് മണിക്കൂറിലധികം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്ത് റിയാദിലെത്തി അവിടെ നിന്ന് ലഭ്യമായ കൊമേഴ്‌സ്യല്‍ വിമാനങ്ങളിലോ സ്വകാര്യ ജെറ്റുകളിലോ യാത്ര തുടരുന്നു. അതിര്‍ത്തി കടന്നുള്ള യാത്ര സുരക്ഷിതമാക്കാന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെയാണ് പലരും നിയമിച്ചിരിക്കുന്നത്. ഇതിനായി മാത്രം ആയിരക്കണക്കിന് ഡോളറാണ് ഇവര്‍ ഈടാക്കുന്നത്.
നിലവില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് ഒമാനില്‍ നിന്നാണ്. ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിമാനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ലഭ്യമായ വിമാനങ്ങളുടെ എണ്ണം വളരെ കുറവാണ്. സാധാരണ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ പോലും ഇപ്പോള്‍ ഗ്രൂപ്പുകളായി ചേര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി പണം മുടക്കുന്നുണ്ടെന്ന് എയര്‍ ചാര്‍ട്ടര്‍ സര്‍വീസ് അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us