ഡല്‍ഹി: രാഷ്ട്രീയ നിയന്ത്രണങ്ങള്‍ കാരണം ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ വ്യോമസേനക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നു സൂചിപ്പിച്ച ഇന്തോനേഷ്യയിലെ ഇന്ത്യന്‍ പ്രതിരോധ അറ്റാഷെയുടെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് പുറത്ത് എടുത്ത് തെറ്റായി അവതരിപ്പിച്ചതാണെന്ന് ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ജൂണ്‍ 10-ന് ജക്കാര്‍ത്തയിലെ ഒരു സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഭീകരവാദ കേന്ദ്രങ്ങളില്‍ വ്യോമസേന ആക്രമണം നടത്തിയപ്പോള്‍ ചില വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി ക്യാപ്റ്റന്‍ ശിവ് കുമാര്‍ സമ്മതിച്ചിരുന്നു.
'ഇന്ത്യന്‍ സേനയ്ക്ക് പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയോ വ്യോമ പ്രതിരോധ സംവിധാനങ്ങളെയോ ആക്രമിക്കരുതെന്ന് രാഷ്ട്രീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ മൂലമാണ് യുദ്ധവിമാനങ്ങള്‍ നഷ്ടമായത്,' എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍, ഈ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് വേര്‍തിരിച്ച് തെറ്റായി ചിത്രീകരിച്ചതാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇന്ത്യന്‍ സേനകള്‍ സിവിലിയന്‍ രാഷ്ട്രീയ നേതൃത്വത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഓപ്പറേഷന്‍ സിന്ദൂരിന്റെ ലക്ഷ്യം ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമായിരുന്നുവെന്നും എംബസി വിശദീകരിച്ചു.
സേനയുടെ പ്രാഥമിക ആക്രമണത്തില്‍ നഷ്ടം സംഭവിച്ചെങ്കിലും, പിന്നീട് തന്ത്രം മാറ്റി പാകിസ്ഥാന്റെ സൈനിക സ്ഥാപനങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു എന്നും ക്യാപ്റ്റന്‍ ശിവ് കുമാര്‍ പറഞ്ഞു.
ബ്രഹ്‌മോസ് മിസൈലുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ വ്യോമ പ്രതിരോധം ദുര്‍ബലമാക്കിയതിനു ശേഷം ആക്രമണങ്ങള്‍ വിജയകരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.