ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം രാജിവച്ചതായി മകന്‍ തന്‍വീര്‍ ആലം പറഞ്ഞു.
ജൂണ്‍ 8 ന് തന്റെ പിതാവ് രാജിവച്ചതായി തന്‍വീര്‍ ആലം പറഞ്ഞു. അന്നുതന്നെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. തിങ്കളാഴ്ചയാണ് കത്ത് മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഓഫീസിലെത്തിയത്. എന്നാല്‍ റാഞ്ചിയിലെ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് ഓഫീസില്‍ കത്ത് ഇതുവരെ എത്തിയിട്ടില്ല.
അലംഗീര്‍ ആലം സിഎല്‍പി നേതാവ് സ്ഥാനവും ക്യാബിനറ്റ് മന്ത്രി സ്ഥാനവും രാജിവെച്ചതായി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂറും സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മെയ് 15 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അലംഗീര്‍ ആലമിനെ അറസ്റ്റ് ചെയ്തത്.
അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിലെ സഹായിയായ ജഹാംഗീര്‍ ആലത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ ഏജന്‍സി നടത്തിയ റെയ്ഡില്‍ 37 കോടിയിലധികം രൂപ മെയ് 6 ന് കണ്ടെടുത്തിരുന്നു. റെയ്ഡിന് ശേഷം ആലമും ലാലും അറസ്റ്റിലായിരുന്നു.