/sathyam/media/media_files/WFRvK4eKykrtjU9pbAv0.jpg)
ചണ്ഡീഗഡ്: രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും ഹരിയാനയിൽ ഭരണകക്ഷിയായ ബി.ജെ.പി.യുമായി ഇനി സഖ്യമുണ്ടാക്കില്ലെന്നും ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാല. മാർച്ചിൽ ബി.ജെ.പി മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിംഗ് സെയ്‌നിയെ മുഖ്യമന്ത്രിയായി നിയമിച്ചതോടെ ബിജെപിയുമായുള്ള ജെജെപിയുടെ നാലര വർഷത്തെ സഖ്യം അവസാനിച്ചിരുന്നു.
ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലും ജെജെപി സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ആരും ജയിച്ചില്ല. കോൺഗ്രസിൻ്റെ രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ റോഹ്തക് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ പാർട്ടി പ്രവർത്തകരിൽ നിന്ന് അഭിപ്രായം തേടുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അല്ലാതെ മറ്റേതെങ്കിലും പാർട്ടിയുമായി സഖ്യത്തിലേർപ്പെടുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെജെപിയുടെ തോൽവി ബിജെപിയുമായുള്ള സഖ്യം കൊണ്ടാണെന്ന് ദുഷ്യന്ത് ചൗട്ടാല അവകാശപ്പെട്ടു.
ബിജെപിയെ നേരിടാൻ കോൺഗ്രസിന് താൽപ്പര്യമുണ്ടെങ്കിൽ അവർ ജയമോ തോൽവിയോ നോക്കേണ്ടതില്ലെന്നും സ്വീകാര്യമായ ഏതെങ്കിലും സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ടെന്ന് വ്യക്തമാകുമെന്നും ചൗട്ടാല പറഞ്ഞു. പ്രാദേശിക പാർട്ടികളെ ദുർബലപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പ്രവർത്തിക്കുന്നുണ്ടെന്ന് ചൗട്ടാല ആരോപിച്ചു.