/sathyam/media/media_files/2zaX6KdJxbWCUinwLrNV.jpg)
ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരാക്രമണം തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച വൈകുന്നേരം ദോഡ ജില്ലയില്‍ സുരക്ഷാ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സംഭവത്തില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനിടെ മേഖലയില്‍ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.
രാത്രി 7:40 ഓടെ ഭലേസ ഗ്രാമത്തിലെ നിബിഡ വനങ്ങളുള്ള പ്രദേശത്താണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകരരെ തുരത്താനുള്ള തിരച്ചില്‍ ശക്തിപ്പെടുത്തുകയാണ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഈയാഴ്ച ജമ്മു കശ്മീരിനെ പിടിച്ചുകുലുക്കിയ ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായാണ് സംഭവം. ജമ്മു കശ്മീര്‍ പോലീസിന്റെ പ്രസ്താവന പ്രകാരം ഭലേസയിലെ നിബിഡ വനങ്ങളുള്ള പ്രദേശത്ത് തിരച്ചില്‍ സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയും ഇത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിള്‍ ഫരീദ് അഹമ്മദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദോഡ ജില്ലയില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട നാല് ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്തുവിട്ടു, ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഓരോ ഭീകരരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us