/sathyam/media/media_files/2026/02/27/untitled-2026-02-27-10-51-40.jpg)
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല യൂണിയന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 14 വിദ്യാര്‍ത്ഥികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പസിനകത്തും പുറത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചതോടെ പ്രദേശം യുദ്ധക്കളമായി മാറി.
ഫബ്രുവരി 26-ന് നടന്ന 'ലോംഗ് മാര്‍ച്ച്' ഉന്നതവിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കാന്‍ രോഹിത് വെമുല നിയമത്തിന്റെ മാതൃകയില്‍ യു.ജി.സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക.സര്‍വ്വകലാശാലകള്‍ക്കുള്ള പൊതുഫണ്ട് വര്‍ദ്ധിപ്പിക്കുക, പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ പിന്‍വലിക്കുക. ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധൂലിപുടി പണ്ഡിറ്റ് രാജിവെച്ച് മാപ്പ് പറയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു.
സബര്‍മതി ടി-പോയിന്റില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. കവാടം പൂട്ടുകയും ബാരിക്കേഡുകള്‍ നിരത്തുകയും ചെയ്തതോടെ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ജെ.എന്‍.യു.എസ്.യു പ്രസിഡന്റ് അദിതി മിശ്ര, വൈസ് പ്രസിഡന്റ് ഗോപിക, എ.ഐ.എസ്.എ ദേശീയ പ്രസിഡന്റ് നേഹ തുടങ്ങിയ പ്രമുഖ വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചതായും വനിതാ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതായും ജെ.എന്‍.യു അധ്യാപക സംഘടന ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അക്രമാസക്തരായെന്നും കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നും പോലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ എ.സി.പി ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് പരിക്കേറ്റു. ചില വിദ്യാര്‍ത്ഥികള്‍ പോലീസുകാരെ കടിച്ചു പരിക്കേല്‍പ്പിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവിന് വിരുദ്ധമാണെന്ന് ജെ.എന്‍.യു അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊതുമുതല്‍ നശിപ്പിച്ചതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us