/sathyam/media/media_files/2026/01/08/john-brittas-2026-01-08-19-06-00.jpg)
ഡൽഹി: റെയിൽവേ ലോക്കോപൈലറ്റുമാരുടെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പാലക്കാട് ഡിവിഷനിൽ നിന്ന് ട്രാൻസ്ഫർ ചെയ്ത 12 ലോക്കോ പൈലറ്റുമാരെ മുൻ സ്റ്റേഷനുകളിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു.
സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള വിവിധ ഡിവിഷനുകൾ സ്വീകരിച്ച ശിക്ഷാ നടപടികൾ മിക്കതും പിൻവലിച്ചെങ്കിലും പാലക്കാട് ഡിവിഷനിലെ 12 ലോക്കോ പൈലറ്റുമാരുടെ ട്രാൻസ്ഫർ മാത്രം പിൻവലിക്കാത്തത് പ്രതിഷേധാർഹമാണ്.
പാലക്കാട് ഡിവിഷനിൽ നിലവിൽ മെയിൽ ലോക്കോ പൈലറ്റുമാരുടെ നിരവധി ഒഴിവുകളുണ്ടായിരിക്കെയാണ് അധികൃതരുടെ ഈ നടപടി എന്ന് കത്തിൽ ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം, സേലം ഡിവിഷനുകളിലടക്കം സമരത്തിൽ പങ്കെടുത്തവർക്കെതിരെ സ്വീകരിച്ച നടപടികൾ 2024 ആഗസ്ത് 29ന് ജോൺ ബ്രിട്ടാസ് എംപി നല്കിയ കത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ പാലക്കാട് ഒഴികെയുള്ള ഡിവിഷനുകളിൽ പൂർണമായും പിൻവലിക്കാൻ റെയിൽവേ അധികൃതർ തയ്യാറായി എന്നത് സ്വാഗതാർഹമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
പാലക്കാട്ട് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ ചൂണ്ടിക്കാട്ടിയിട്ടും സമരത്തിൽ പങ്കെടുത്തുവെന്നതിന്റെ പേരിൽ മാത്രം ജീവനക്കാരുടെ നിവേദനം പോലും അധികൃതർ പരിഗണിക്കാൻ തയ്യാറായില്ല.
പാലക്കാട് ഡിവിഷനിൽ മാത്രം വ്യത്യസ്തമായ സമീപനം തുടരുന്നത് സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു കേഡറിലെ ജീവനക്കാരുടെ മനോവീര്യത്തെ ബാധിക്കുന്നതാണ് എന്ന് എം.പി കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, സ്ഥലം മാറ്റപ്പെട്ട പന്ത്രണ്ട് ജീവനക്കാരുടെ കേസുകൾ വേഗത്തിൽ പുനഃപരിശോധിക്കാനും എത്രയും വേഗം അവരെ മുൻ സ്റ്റേഷനുകളിലേക്ക് തിരിച്ചയക്കാനും പാലക്കാട് ഡിവിഷന് അടിയന്തര നിർദ്ദേശം നൽകണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us