ഡൽഹി: കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ കേരള സർക്കാർ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ചു. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് യാത്ര തുടങ്ങിയത്.
കേരളം കണ്ട് പനിക്കേണ്ട, കേരളത്തിലെ ജനം വിവേകമതികളാണെന്ന് കേരള കോൺഗ്രസ് എം മാണി അധ്യക്ഷനും എം.പിയുമായ ജോസ് കെ. മാണി പറഞ്ഞു. അവർ കേന്ദ്ര സർക്കാരിന്റെ ഈ അനീതികൾക്കെതിരെ പ്രതിഷേധിക്കും. കേരളത്തിലെ ജനങ്ങൾക്ക് ബിജെപി സർക്കാരിന്റെ കുതന്ത്രങ്ങളെല്ലാം തിരിച്ചറിയാനാകുന്നുണ്ടെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ കേരളം നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്തെ ജനങ്ങൾ ഇന്ത്യ മുന്നണിക്ക് കീഴിൽ അണിനിരക്കണമെന്ന് സ്റ്റാലിൻ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. തമിഴ്നാടിന്റെ പ്രതിഷേധം നാളെ ജന്തർ മന്ദറിൽ നടക്കുന്നുണ്ട്.