ഡല്‍ഹി: 120 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഛത്തീസ്ഗഢിലെ ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ ജോലി ചെയ്തിരുന്ന പത്രപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകറിനെയാണ് ജനുവരി മൂന്നിന് ബീജാപൂര്‍ ജില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബസ്തറിലെ റോഡ് നിര്‍മാണ പദ്ധതിയിലെ ക്രമക്കേടുകള്‍ മുകേഷ് തുറന്നുകാട്ടിയതിനെ തുടര്‍ന്ന് കരാറുകാരന്‍ സുരേഷ് ചന്ദ്രക്കറിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി ഒന്നിന് രാത്രി മുതല്‍ മുകേഷിനെ കാണാതായിരുന്നു
മുകേഷിന്റെ വെളിപ്പെടുത്തല്‍ കരാറുകാരന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നു.
ജനുവരി ഒന്നിന് രാത്രി മുതലാണ് മുകേഷിനെ കാണാതായത്. സുരേഷ് ചന്ദ്രക്കറിന്റെ സഹോദരന്‍ റിതേഷ് മുകേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുകേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി
തുടര്‍ന്ന് സഹോദരന്‍ യുകേഷ് ചന്ദ്രാകര്‍ കാണാതായതായി പരാതി നല്‍കി. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്താന്‍ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് ജനുവരി മൂന്നിന് മുകേഷിനെ അവസാനമായി കണ്ട ചാത്തന്‍പാറയിലെ സുരേഷ് ചന്ദ്രക്കറിന്റെ വീട്ടുവളപ്പിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നം മൃതദേഹം കണ്ടെത്തി.
പോലീസ് മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്ന ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.