ഡല്‍ഹി: പത്രപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര ബാജ്പായ് വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ ലഖ്നൗ-ഡല്‍ഹി ദേശീയപാതയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഒരു ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്ന രാഘവേന്ദ്ര ബാജ്പായ് ആണ് കൊല്ലപ്പെട്ടത്.
അക്രമികള്‍ ആദ്യം അദ്ദേഹത്തിന്റെ ബൈക്ക് ഇടിച്ചിടുകയും പിന്നീട് മൂന്ന് തവണ വെടിയുതിര്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ആദ്യം ഇതൊരു അപകടമായിട്ടാണ് കണ്ടതെങ്കിലും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കൊലപാതകക്കേസായി മാറി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് 35 കാരനായ പത്രപ്രവര്‍ത്തകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. തൊട്ടുപിന്നാലെ ഉച്ചകഴിഞ്ഞ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുവരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ല.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ഇരയുടെ കുടുംബത്തില്‍ നിന്ന് ഔദ്യോഗിക പരാതി ലഭിക്കുന്നതിനായി അധികൃതര്‍ കാത്തിരിക്കുകയാണ്.