ജഡ്ജിമാർക്കെതിരെ 8,630 പരാതികൾ; നാല് വർഷത്തിനിടെ 50% വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ഗവണ്‍മെന്റ് പോര്‍ട്ടലായ CPGRAMS വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികള്‍ ചീഫ് ജസ്റ്റിസിനോ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ കൈമാറുകയാണ് പതിവ്.

New Update
Untitled

ഡല്‍ഹി: 2016 മുതല്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് ലഭിച്ചത് 8,630 പരാതികളാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റിനെ അറിയിച്ചു. 

Advertisment

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ (2022-2025) 50 ശതമാനം വര്‍ദ്ധനവുണ്ടായതായും മന്ത്രി വ്യക്തമാക്കി. ഡിഎംകെ എംപി മതേശ്വരന്‍ വി.എസിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ നിരത്തിയത്.


സുപ്രീം കോടതി നിയമ മന്ത്രാലയത്തിന് കൈമാറിയ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആകെ 8,630 പരാതികളാണ് ജഡ്ജിമാര്‍ക്കെതിരെ ലഭിച്ചത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2024-ലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലാണ് പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത്.

ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി, ലൈംഗികാരോപണം, മറ്റ് ഗുരുതരമായ വീഴ്ചകള്‍ എന്നിവ സുപ്രീം കോടതിയുടെ 'ഇന്‍-ഹൗസ് പ്രൊസീജിയര്‍' വഴിയാണ് കൈകാര്യം ചെയ്യുന്നത്. സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിനാണ് അധികാരം. ഹൈക്കോടതികളില്‍ അതാത് ചീഫ് ജസ്റ്റിസുമാര്‍ പരാതികള്‍ പരിശോധിക്കുന്നു.


ഗവണ്‍മെന്റ് പോര്‍ട്ടലായ CPGRAMS വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികള്‍ ചീഫ് ജസ്റ്റിസിനോ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ കൈമാറുകയാണ് പതിവ്.


നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പരാതികള്‍ രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.

Advertisment