ഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'നരേന്ദ്ര കീഴടങ്ങല്‍' എന്ന പരാമര്‍ശത്തിന് ശക്തമായ പ്രതികരണവുമായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി.
രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ ദുര്‍ബലപ്പെടുത്തുകയും, സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണ് സിന്ധ്യയുടെ ആരോപണം. രാജ്യത്തിന്റെ ആത്മാഭിമാനത്തെക്കുറിച്ച് കോണ്‍ഗ്രസിന് യാതൊരു ആശങ്കയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ ജനങ്ങള്‍ ഇതിനകം നിരസിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ച് കൂടുതല്‍ എന്ത് പറയാനുണ്ട്?' എന്നായിരുന്നു സിന്ധ്യയുടെ പ്രതികരണം. 'രാഷ്ട്രത്തിന്റെ അന്തസ്സും ബഹുമാനവും പരമപ്രധാനമാണ്,' എന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയാണ് സിന്ധ്യയുടെ വിമര്‍ശനം. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ അപമാനിക്കുന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് തളളിയിരിക്കുന്നതെന്നും, സൈന്യത്തിന്റെ ശക്തിയെ സംശയിക്കുന്നുവെന്നും സിന്ധ്യ ആരോപിച്ചു.
സര്‍ജിക്കല്‍ സ്‌ട്രൈക്കും ബാലകോട്ട് ഓപ്പറേഷനും നടന്നപ്പോള്‍ കോണ്‍ഗ്രസ് തെളിവ് ആവശ്യപ്പെട്ടുവെന്നും, ഓപ്പറേഷന്‍ സിന്ദൂരിനുശേഷം എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നത് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയുടെ ബഹുമാനത്തെക്കുറിച്ച് ആശങ്കയില്ലാത്ത പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയെ നേരിട്ട് പരാമര്‍ശിക്കാതെ, 'ഏത് ദേശസ്‌നേഹിയാണ് രാജ്യം വിട്ട് അതിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നത്?' എന്ന ചോദ്യവും സിന്ധ്യ ഉന്നയിച്ചു.