കെ ബാബുവിന് തിരിച്ചടി, തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

New Update
supreme court sebi.jpg

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Advertisment

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹര്‍ജി. ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബാബു ഉന്നയിച്ച എതിര്‍പ്പുകള്‍ക്ക് യാതൊരു ന്യായവുമില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബെഞ്ചിന്റെ നിരീക്ഷണം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ ബാബുവിനോട് പരാജയപ്പെട്ട എം സ്വരാജ് ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹിന്ദു വോട്ടര്‍മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെ ബാബുവിനെതിരെ സ്വരാജ് ഉന്നയിച്ച ആരോപണം.

Advertisment