/sathyam/media/media_files/XJ5BpCqzM4BjYIpFHPRY.jpg)
ഡൽഹി: സംസ്ഥാന കോൺഗ്രസിൽ വീണ്ടും പുന:സംഘടനാ ചർച്ചകൾ സജീവമാക്കി കെ.സുധാകരന്റെ ഡൽഹി യാത്ര. നിലവിൽ അദ്ധ്യക്ഷനായ അദ്ദേഹത്തെ മാറ്റി പുതിയ അദ്ധ്യക്ഷനെ നിയമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.
നിർണ്ണായകമായ രണ്ട് തിരഞ്ഞെടുപ്പുകളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്.
ഇതിൽ തദ്ദേശത്തിരഞ്ഞെടുപ്പിൽ 70 ശതമാനം തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന അന്തരീക്ഷം സംജാതമാകുമെന്നും അതുവഴി പാർട്ടിക്ക് പ്രവർത്തകരിൽ കൂടുതൽ ആത്മവിശ്വാസം നിറയ്ക്കാനാവുമെന്നും നേതൃത്വം വിലയിരുത്തുന്നു.
നിർണായകമായ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് സംഘടനാ തലത്തിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ട് തന്നെ പുന:സംഘടന ഇനിയും നീളാനിടയില്ല.
നിലവിൽ കെ.സുധാകരന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൂടി സമ്മതം വാങ്ങിയാവും അഴിച്ചുപണി നടത്തുക. അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടിവന്നാൽ പാർട്ടിയുടെ പരമോന്നത സമിതിയായ പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
രണ്ട് നിർണ്ണായക തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുകയെന്ന ദൗത്യം അദ്ദേഹത്തിന് പകരം എത്തുന്നയാൾക്ക് കടുത്ത സമ്മർദ്ദമാവുമുണ്ടാക്കുക. സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരുടെ പേരുകൾ സജീവമാണെങ്കിലും ഇതിന് പുറത്ത് നിന്നും മറ്റൊരാളെ പരിഗണിക്കുന്നതും ഹൈക്കമാന്റ് ചർച്ച ചെയ്യുന്നുണ്ട്.
പത്ത് വർഷമായി അധികാരത്തിൽ നിന്നും പുറത്ത് നിൽക്കുന്ന പാർട്ടിയെ തിരികെ അധികാരത്തിലെത്തിക്കാൻ പ്രാപ്തിയുള്ള ആളിനാവണം അദ്ധ്യക്ഷ പദവി നൽകേണ്ടതെന്ന പൊതു വികാരവും പാർട്ടിയിൽ ശക്തമാണ്.
അതിന് സാമുദായിക സമവാക്യമല്ല പകരം പ്രവർത്തനമികവാണ് നേക്കേണ്ടെതെന്ന വാദമുയരുന്നുണ്ടെങ്കിലും സാമുദായിക പരിഗണന കൂടി ഇക്കാര്യത്തിൽ പരിശോധിക്കപ്പെടും.
നിലവിൽ മുല്ലപ്പള്ളിയുടെ കാലത്തുണ്ടായിരുന്ന കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയാണ് നിലവിലുള്ളത്. അതിന് പകരം ചെറുപ്പക്കാർക്ക് മുൻഗണന നൽകുന്ന പട്ടിക വേണമെന്നാണ് ആവശ്യം. പ്രവർത്തന മികവില്ലാത്ത കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും ഡി.സി.സി അദ്ധ്യക്ഷൻമാരെയും ഒഴിവാക്കി പുതിയ ആളുകളെ ചുമതലയിലേക്ക് കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്.
നിലവിൽ തൃശ്ശൂർ, എറണാകുളം, മലപ്പുറം ഡി.സി.സി അദ്ധ്യക്ഷൻമാർക്ക് മാറ്റമുണ്ടാവില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാൽ സംസ്ഥാന അദ്ധ്യക്ഷന് മാറ്റമുണ്ടായാൽ അതിനൊപ്പം ഭാരവാഹിപ്പട്ടിക പുറത്തിറക്കുമോ എന്നതിലും എ.ഐ.സി.സി വ്യക്തത വരുത്തിയിട്ടില്ല.
അഴിച്ചപണിക്ക ശേഷം അപശബ്ദവും അതുവഴിയുണ്ടാകുന്ന പാർട്ടിയിലെ ഭിന്നിപ്പും പരമാവധി ഒഴിവാക്കിയാവും എ.ഐ.സി.സി സമൂലമാറ്റത്തിന് സംസ്ഥാനത്ത് കളമൊരുക്കുന്നതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.