ഡല്‍ഹി: സൂഫി സന്യാസി മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ജിയില്‍ അജ്മീര്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച പിന്നാലെ ആശങ്ക ഉന്നയിച്ച് രാജ്യസഭാ എംപി കപില്‍ സിബല്‍ രംഗത്ത്.
ഇത്തരം കാര്യങ്ങള്‍ ആശങ്കാജനകമാണെന്നും രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തെ നമ്മള്‍ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു.
ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട സിവില്‍ കേസിലെ മൂന്ന് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ അജ്മീറിലെ പ്രാദേശിക കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.
സ്ഥിതി ആശങ്കാജനകമാണ്. അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്നാണ് ഏറ്റവും പുതിയ അവകാശവാദം. നമ്മള്‍ ഈ രാജ്യത്തെ രാഷ്ട്രീയ ലാഭത്തിനായി എവിടേക്കാണ് കൊണ്ടുപോകുന്നത്? എക്സിലെ ഒരു പോസ്റ്റില്‍ സിബല്‍ കുറിച്ചു.
സിവില്‍ ജഡ്ജി മന്‍മോഹന്‍ ചന്ദേലിന്റെ കോടതിയാണ് കേസ് പരിഗണിച്ചതെന്ന് അഭിഭാഷകന്‍ യോഗേഷ് സിറോജ അജ്മീറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് സെപ്തംബറില്‍ ക്ഷേത്രത്തിലെ ആരാധന വീണ്ടും ആരംഭിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
അജ്മീര്‍ ദര്‍ഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ മന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) എന്നിവയുടെ ന്യൂഡല്‍ഹിയിലെ ഓഫീസിലേക്ക് പ്രതികരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങള്‍ക്ക് സമാനമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അജ്മീര്‍ ദര്‍ഗയുടെ കാര്യത്തിലും ഹര്‍ജി വന്നത്.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ പള്ളിയില്‍ സര്‍വേ നടത്താനുള്ള പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പഴയ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അജ്മീര്‍ ഷരീഫ് ഉള്‍പ്പെട്ട കേസില്‍ ഹരജിക്കാരനായ വലതുപക്ഷ സംഘടനയായ ഹിന്ദു സേനയുടെ തലവന്‍ വിഷ്ണു ഗുപ്ത പറഞ്ഞു.
ദര്‍ഗയ്ക്ക് ഏതെങ്കിലും തരത്തിലുള്ള രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ റദ്ദാക്കണം. സര്‍വേ എഎസ്‌ഐ വഴി നടത്തുകയും ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അവകാശം നല്‍കുകയും വേണമെന്നും വിഷ്ണു ഗുപ്ത വാര്‍ത്താ ഏജന്‍സി പിടിഐയോട് പറഞ്ഞു.
ദര്‍ഗയ്ക്ക് ചുറ്റും ഹിന്ദു കൊത്തുപണികളും പ്രതിമകളും ശിവക്ഷേത്രത്തിലെ അവശിഷ്ടങ്ങളുമുണ്ടെന്നും ജൈനക്ഷേത്രം നിലനില്‍ക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.