/sathyam/media/media_files/2026/01/24/untitled-2026-01-24-10-09-03.jpg)
മുംബൈ: ബോളിവുഡ് നടനും വിവാദ സോഷ്യല് മീഡിയ താരവുമായ കമല് റാഷിദ് ഖാന് (കെആര്കെ) മുംബൈ പൊലീസിന്റെ പിടിയിലായി. അന്ധേരിയിലെ ഒരു റസിഡന്ഷ്യല് കെട്ടിടത്തിന് നേരെ വെടിയുതിര്ത്ത കേസിലാണ് ഒഷിവാര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ജനുവരി 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ധേരി ഒഷിവാരയിലെ നളന്ദ സൊസൈറ്റി എന്ന കെട്ടിടത്തിന് നേരെ രണ്ട് റൗണ്ട് വെടിയുതിര്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലും നാലാം നിലയിലുമായി രണ്ട് ബുള്ളറ്റുകള് കണ്ടെത്തി. ഇതില് ഒരു ഫ്ലാറ്റ് ഒരു തിരക്കഥാകൃത്തിന്റേയും മറ്റൊന്ന് ഒരു മോഡലിന്റേയും ആയിരുന്നു.
തുടക്കത്തില് സിസിടിവി ദൃശ്യങ്ങളില് നിന്ന് സൂചനകളൊന്നും ലഭിക്കാത്തതിനാല് പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല് ഫോറന്സിക് സംഘത്തിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്, വെടിയുണ്ടകള് വന്നത് കെആര്കെയുടെ ബംഗ്ലാവില് നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു.
തന്റെ ലൈസന്സുള്ള തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് കെആര്കെ പൊലീസിന് മൊഴി നല്കി. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്സ്പെക്ടര് സഞ്ജയ് ചവാന്റെ നേതൃത്വത്തിലുള്ള 18 അംഗ സംഘവും ക്രൈം ബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്.
നിലവില് ഒഷിവാര പൊലീസ് സ്റ്റേഷനിലുള്ള കെആര്കെയുടെ അറസ്റ്റ് നടപടികള് പൂര്ത്തിയാക്കി വരികയാണ്. ശനിയാഴ്ച രാവിലെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കുമെന്നാണ് റിപ്പോര്ട്ടുകള്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us