വാരണസി: കർഷക വിരുദ്ധ പരാമർശത്തിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഏത് നേരവും മദ്യപിച്ചാണ് കങ്കണ നേക്കളെ പറ്റി അസംബന്ധങ്ങള്‍ പറയുന്നതെന്ന് അജയ് റായ് ആരോപിച്ചു.
'കങ്കണ റണാവത്തിന്‍റെ പരാമർശങ്ങൾ നിങ്ങൾ കേട്ടുകാണും. ഞങ്ങളെല്ലാം കർഷകരുടെ മക്കളാണ്. അവര്‍ കർഷകരെ അധിക്ഷേപിച്ചു. കർഷകർ പ്രതിഷേധിക്കുമ്പോൾ സ്‌ത്രീകൾ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന് കങ്കണ റണാവത്ത് പറഞ്ഞു. അവര്‍ അത് പ്രത്യേക ക്യാമറയിലൂടെ കണ്ടെന്ന് തോന്നുന്നു.'- അജയ് റായ് പറഞ്ഞു.
'ഒരു വനിത ബിജെപി എംപിയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. നമ്മുടെ നേതാക്കളെ കുറിച്ചും അവർ എപ്പോഴും മോശമായി സംസാരിക്കുന്നു. മദ്യപാനത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന അവര്‍ ഏത് നേരവും മദ്യപിച്ചാണ് സംസാരിക്കുന്നത്.'- റായ് കൂട്ടിച്ചേർത്തു.
കങ്കണയെ ബിജെപിയിൽ നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷൻ ജെപി നദ്ദയോടും അഭ്യർത്ഥിച്ചു.
'അവരുടെ പരാമർശങ്ങളിൽ മാപ്പ് പറയുകയോ അവരെ പാര്‍ട്ടി തള്ളിപ്പറയുകയോ മാത്രം ചെയ്‌താല്‍ മാത്രം പോരാ, ബിജെപി എംപിയായ അവരെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണം.'- റായ് പറഞ്ഞു.