ഡല്‍ഹി: പ്രശസ്ത ഹാസ്യനടന്‍ കപില്‍ ശര്‍മ്മ അടുത്തിടെ കാനഡയില്‍ ആരംഭിച്ച സ്വന്തം കഫേയില്‍ വെടിവയ്പ്പ് നടന്നത് വലിയ വിവാദമായി. കഫേയുടെ ഉദ്ഘാടനത്തിന് പിന്നാലെ, ഒരു അജ്ഞാതന്‍ കാറില്‍ നിന്ന് ഇറങ്ങി വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഹര്‍ജീത് സിംഗ് എന്ന ലാഡിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബിലെ നവാന്‍ഷഹര്‍ ജില്ലയിലെ ഗര്‍പദാന ഗ്രാമത്തില്‍ താമസിക്കുന്നയാളാണ് ഹര്‍ജീത് സിംഗ് എന്ന ലാഡി. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുടെ സജീവ അംഗം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നത്.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളുടെ വിദേശ ബന്ധങ്ങളുമായി ലാഡിക്ക് അടുത്ത ബന്ധമുണ്ട്. എന്‍ഐഎ ലാഡിയെ ഒളിച്ചോടിയ ഭീകരനായി പ്രഖ്യാപിച്ച് ഇയാളുടെ തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് ബഗ്ഗയുടെ കൊലപാതകവുമായി ലാഡിയുടെ പേര് ബന്ധപ്പെട്ടിട്ടുണ്ട്. 2024-ല്‍, ഈ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തപ്പോള്‍, ഹര്‍ജീത് ലാഡി, കുല്‍ബീര്‍ സിംഗ് (സിദ്ധു) തുടങ്ങിയവരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് കണ്ടെത്തി.
ലാഡി വിദേശത്തുള്ള തീവ്രവാദ ധനസഹായികളുമായി നിരന്തരം ബന്ധപ്പെടുന്നതായും, ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.
പഞ്ചാബ് പോലീസിന് ഇതുവരെ ലാഡിക്കെതിരെ ഔദ്യോഗിക എഫ്ഐആറോ കുറ്റപത്രമോ ഇല്ല. എന്നാല്‍, എന്‍ഐഎ ലാഡിയെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലാഡിയെ പിടികൂടാന്‍ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കായി വാട്ട്സ്ആപ്പ്, ഇ-മെയില്‍, കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കപില്‍ ശര്‍മ്മയുടെ കഫേയില്‍ നടന്ന വെടിവയ്പ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഹര്‍ജീത് സിംഗ് ലാഡിയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്.