ഡല്‍ഹി: കേന്ദ്ര സർക്കാർ പണം തടഞ്ഞുവെക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കൾ സമരം ചെയ്യുമ്പോൾ പ്രധാനമന്ത്രി അതിനെ നോർത്ത്-സൗത്ത് വിഭജനമാണെന്ന് പരിഹസിക്കുകയാണെന്ന് സമാജ് വാദി പാർട്ടി എം.പി കപിൽ സിബൽ പറഞ്ഞു.
"സത്യത്തിൽ ഈ സാധനം എന്താണ്? നോർത്ത്-സൗത്ത് വിഭജനം? ഇല്ലാത്തൊരു സംഗതിയാണ് മോദി ഉയർത്തിക്കൊണ്ടുവരുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ പരസ്യങ്ങളിൽ ശ്രീരാമനേക്കാൾ വലുപ്പത്തിൽ മോദിയുടെ ചിത്രങ്ങളാണ് അച്ചടിച്ചിരിക്കുന്നത്.
രാമനേക്കാൾ വലിയ ആളായോ മോദി. മോദിയുടെ കൈപിടിച്ച് ശ്രീരാമൻ വരുന്നതായുള്ള ചിത്രങ്ങളും അണികൾ പ്രചരിപ്പിക്കുന്നത് കണ്ടു. രാജ്യത്തെ എല്ലാ മതസ്തരേയും ഒരുപോലെ കാണാനാകുന്നവരാണ് യാഥാർത്ഥ ഹിന്ദു. ഞാൻ അത്തരത്തിലൊരാളാണ്," കപിൽ സിബൽ പറഞ്ഞു.
മതത്തിന്റെ പേരിൽ മോദിയാണ് ഈ രാജ്യത്തെ വിഭജിക്കുന്നതെന്ന് സിപിഐ ദേശീയാദ്ധ്യക്ഷൻ ഡി. രാജ വിമർശിച്ചു. "എന്നിട്ടാണ് താങ്കൾ വെറുതെ ആരോപിക്കുന്നത് ഈ രാജ്യത്തെ പ്രതിപക്ഷം നോർത്ത്-സൗത്ത് എന്ന് വിഭജിക്കുകയാണെന്ന്.
അത് തീർത്തും അവാസ്തവമാണ്. ഇന്ത്യയെന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യയാണെന്ന് അംബേദ്ക്കർ പറഞ്ഞിട്ടുണ്ട്. നിങ്ങൾ എല്ലാക്കാലത്തും അധികാരത്തിൽ ഇരിക്കുകയില്ല. നിങ്ങൾ സാമ്പത്തികമായും രാഷ്ട്രീയമായും ഈ രാജ്യത്തെ സംസ്ഥാനങ്ങളെ അടിച്ചമർത്തുകയാണ്,"
"രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരേയും അഭിനന്ദിക്കുകയാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപി അധികാരത്തിൽ തുടർന്നാൽ അത് നാശത്തിലേക്കുള്ള പോക്കാണ്. അവരെ അധികാരത്തിൽ നിന്ന് പറിച്ചെറിയാൻ ഈ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്," ഡി. രാജ പറഞ്ഞു.