കര്‍ണാടക: ഗൗതംപുര ഗ്രാമത്തില്‍ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 70 വയസ്സുള്ള സ്ത്രീയെ അയല്‍വാസിയും ബന്ധുക്കളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ജൂണ്‍ 24-ന് രാവിലെ ആണ് ഈ ദാരുണ സംഭവം നടന്നത്.
പ്രതിയായ പ്രേമ വീട്ടുമുന്നില്‍ മാലിന്യം തള്ളാന്‍ ശ്രമിച്ചപ്പോള്‍ 70 വയസ്സുള്ള ഹുച്ചമ്മ അതിന് തടയുകയായിരുന്നു.
ഇതു രൂക്ഷമായ വാക്കേറ്റത്തിലേക്ക് നയിച്ചു. ഹുച്ചമ്മ പ്രേമയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്നു.
ഇതില്‍ പ്രകോപിതരായ പ്രേമയും രണ്ട് ബന്ധുക്കളും ചേര്‍ന്ന് ഹുച്ചമ്മയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി, പിന്നീട് ഒരു മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി. പോലീസ് ഉടന്‍ തന്നെ ആനന്ദപുര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു, പ്രേമയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.