ബെംഗളൂരു: കര്‍ണാടകയിലെ കമ്മസാന്ദ്രയില്‍ സഹോദരന്റെ കുഞ്ഞുങ്ങളെ യുവാവ് അടിച്ചും കുത്തിയും കൊലപ്പെടുത്തി. കമ്മസാന്ദ്ര സ്വദേശി ചാന്ദ് പാഷയുടെ മക്കളായ ഒന്‍പതുവയസുകാരന്‍ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരന്‍ മുഹമ്മദ് ജൂനൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മറ്റൊരു സഹോദരന്‍ അഞ്ചുവയസുള്ള മുഹമ്മദ് രോഹന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. സംഭവസമയം കുട്ടികളുടെ മാതാപിതാക്കള്‍ ജോലിയ്ക്ക് പോയിരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മുത്തശ്ശി പച്ചക്കറി വാങ്ങാന്‍ കടയിലും പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ചാന്ദ് പാഷയുടെ ഇളയ സഹോദന്‍ കാസിം കുട്ടികളെ കൊലപ്പെടുത്തിയത് .
വീട്ടില്‍ തിരിച്ചെത്തിയാണ് മുത്തശ്ശിയാണ് സംഭവം ആദ്യം കാണുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടി.
കാസിം മാനസിക പ്രശ്‌നം ഉള്ളയാളെന്നും ചികിത്സയിലാണെന്നുമാണ് കുടുംബം പോലീസിന് നല്‍കിയ മൊഴി.