കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് തൊഴിലാളി വിരുദ്ധമായ തൊഴില്‍ ചട്ട പരിഷ്‌കരണമെന്നു  കെ. സി വേണുഗോപാല്‍ എം.പി. അടിമുടി കോര്‍പ്പറേറ്റായ ഒരു പ്രധാനമന്ത്രിയും കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട ഒരു സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കി, മുതലാളിത്ത ചങ്ങാത്തം ഊട്ടിയുറപ്പിക്കുന്നു. സമരത്തിന് 60 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ അവകാശങ്ങളുടെ ലംഘനം

New Update
kc venugopal

ഡല്‍ഹി:തൊഴില്‍ സാഹചര്യങ്ങളെയും ട്രേഡ് യൂണിയന്‍ അവകാശങ്ങളെയും പരിപൂര്‍ണമായി അട്ടിമറിച്ചുകൊണ്ടാണ് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ തൊഴില്‍ ചട്ട പരിഷ്‌കരണം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.

Advertisment

മുതലാളിത്തത്തിന്റെ തോളില്‍ കൈയിട്ടുകൊണ്ടു തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.


അടിമുടി കോര്‍പ്പറേറ്റായ ഒരു പ്രധാനമന്ത്രിയും കോര്‍പ്പറേറ്റുവത്കരിക്കപ്പെട്ട ഒരു സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കി, മുതലാളിത്ത ചങ്ങാത്തം ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ.


തൊഴില്‍ നിയമങ്ങളുടെ സത്തയെ ചോര്‍ത്തിക്കളയുന്ന പുതിയ ചട്ടം ഏത് വിധേനയും എതിര്‍ക്കപ്പെടേണ്ടതാണ്. തൊഴിലാളികളെ ദുരിതത്തിലേക്കും യാതനയിലേക്കും തള്ളിവിടുന്ന തൊഴില്‍ ചട്ട പരിഷ്‌കരണത്തെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം, സാധ്യമായ എല്ലാ നിയമവഴികളും തേടും.

ഓരോ തൊഴിലാളിയെയും മുതലാളിത്തത്തിന് വിധേയപ്പെടാനും അടിമവത്കരിക്കാനും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും എംപി പറഞ്ഞു.

തൊഴിലിടങ്ങളിലെ ജനാധിപത്യ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണു പുതിയ ചട്ടങ്ങള്‍ വഴി രാജ്യത്തുടനീളം ഇനി നടപ്പിലാവുക. തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുക, ജോലി സമയവും ജോലിഭാരവും വര്‍ധിപ്പിക്കുക.


ഇങ്ങനെ മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത പരിഷ്‌കരണത്തിലേക്ക് രാജ്യം നടന്നുനീങ്ങുകയാണ്. എട്ടു മണിക്കൂര്‍ ജോലിയെന്ന അവകാശത്തില്‍ നിന്ന് 12 മണിക്കൂര്‍ ജോലി ചെയ്യിക്കാമെന്ന നിര്‍ബന്ധിത വ്യവസ്ഥയിലേക്കു തൊഴിലാളികളെ ഇവിടെ തള്ളിയിടുന്നു.


ചുരുക്കത്തില്‍ ഡോ. ബിആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത തൊഴില്‍ തത്വങ്ങളുടെ പരിപൂര്‍ണമായ അട്ടിമറി. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കി, പിരിച്ചുവിടല്‍ അടക്കമുള്ള തൊഴില്‍ വിരുദ്ധ നടപടികളെ പട്ടുപരവതാനിയിട്ട് ആനയിക്കുക കൂടിയാണു കേന്ദ്രം.

100 തൊഴിലാളികള്‍ വരെയുള്ള തൊഴിലിടത്തില്‍ പിരിച്ചുവിടലിനു സര്‍ക്കാരിന്റെ അനുമതി നേരത്തേ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ചട്ടത്തില്‍ ഇത് മുന്നൂറില്‍ക്കൂടുതല്‍ തൊഴിലാളികളുള്ള തൊഴിലിടമെന്നാക്കി മാറ്റി.


അതായത് 300 തൊഴിലാളികള്‍ വരെയുള്ള തൊഴിലിടങ്ങളില്‍ ഉടമയ്ക്കു തോന്നുംപോലെ പിരിച്ചുവിടല്‍ സാധ്യമാകും. 


സര്‍ക്കാരിനു വിജ്ഞാപനത്തിലൂടെ ഈ സംഖ്യയില്‍ മാറ്റവും കൊണ്ടുവരാം. രാജ്യത്തെ തൊഴിലാളികളില്‍ 94 ശതമാനവും അസംഘടിത, പരമ്പരാഗത, കാര്‍ഷിക രംഗങ്ങളിലാണ്.

ഈ വിഭാഗങ്ങളില്‍പ്പെടുന്നവരുടെ മിനിമം വേതനത്തിന്റെ കാര്യത്തില്‍പ്പോലും ചട്ടം മൗനം പാലിക്കുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം കൈയില്‍ കിട്ടുന്ന ശമ്പളം വരെ കുറയും. 

ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, മൊത്ത ശമ്പളത്തിന്റെ 50 ശതമാനം വേണമെന്ന വ്യവസ്ഥ പ്രകാരം പ്രൊവിഡന്റ് ഫണ്ട് വിഹിതം കൂടുന്നതിനാലാണ് ഈ സാഹചര്യമുണ്ടാകുക.


പിഎഫിലേക്കും ഗ്രാറ്റുവിറ്റിയിലേക്കുമായി സിടിസിയില്‍നിന്നു കൂടുതല്‍ തുക ഓരോ തൊഴിലാളിക്കും മാറ്റിവെയ്ക്കേണ്ടിവരും.


സ്ത്രീകള്‍ക്കു നൈറ്റ് ഷിഫ്റ്റുകള്‍ യഥേഷ്ടം ഏര്‍പ്പെടുത്താന്‍ കഴിയുമെന്ന പുതിയ വ്യവസ്ഥയാവട്ടെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുപോലും വരുത്താതെയാണ്.

ഇവയ്ക്കെതിരെ സംഘടിക്കാനുള്ള തൊഴിലാളികളുടെ പ്രാഥമികാവകാശം പോലും റദ്ദ് ചെയ്യുന്നുണ്ട് പുതിയ ചട്ടങ്ങള്‍. സമരത്തിന് 60 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ അവകാശങ്ങളുടെ ലംഘനം പോലുമാണ്.

തൊഴിലിടങ്ങളിലെ തൊഴില്‍ സഹചര്യങ്ങള്‍ കൃത്യമായി നിര്‍വചിക്കണം എന്ന നിയമം പോലും ഇവിടെ ഇല്ലാതാവുകയാണെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു.

Advertisment