/sathyam/media/media_files/IphW0IegZF13O7oBLf0I.jpg)
ഹൈദരാബാദ്: തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും മുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിആർഎസ്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആത്മവിശ്വാസത്തിനപ്പുറം രാഷ്ട്രീയ തന്ത്രം കൂടിയാണിത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പോലും സീറ്റുകൾക്കായുള്ള തമ്മിലടിയുണ്ടാവുന്നത് പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിൽ ബിആർഎസ് ശക്തമാണെന്ന് തെളിയിക്കുക കൂടിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെയുണ്ടായിട്ടുള്ളത്.
119 മണ്ഡലങ്ങളുള്ള തെലുങ്കാനയിൽ 115 സീറ്റുകളിലേക്കാണ് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലാണ് പ്രഖ്യാപനം നടന്നതും.
സ്ഥാനാർഥികളിൽ ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു. ഏഴു പേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. നർസാപൂർ, നാമ്പള്ളി, ഗോഷാമഹൽ, ജങ്കാവ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു. 2018ലും ബിആർഎസ് വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.