/sathyam/media/media_files/2026/02/27/untitled-2026-02-27-15-39-40.jpg)
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ വികാരാധീനനായി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍.
നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സത്യം തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തന്റെ നിരപരാധിത്വത്തിനുള്ള തെളിവാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനത്തിലൂടെ താന്‍ നേടിയത് 'സത്യസന്ധത' എന്ന സമ്പാദ്യം മാത്രമാണെന്ന് ക്യാമറകള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷം താനും കുറ്റവിമുക്തനാക്കപ്പെട്ട വിവരം അറിഞ്ഞ കെജ്രിവാള്‍ ഒരു നിമിഷം സ്തബ്ധനായി. വാക്കുകള്‍ കിട്ടാതെ പാടുപെട്ട അദ്ദേഹം കണ്ണട ഊരിമാറ്റി മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അടുത്തുണ്ടായിരുന്ന മനീഷ് സിസോദിയ കെജ്രിവാളിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ഡല്‍ഹി റൗസ് അവന്യൂ കോടതിക്ക് പുറത്ത് അരങ്ങേറിയ ഈ വൈകാരിക ദൃശ്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി.
അധികാരത്തിനായി സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
'ഭരണഘടനയെ തമാശയാക്കി മാറ്റരുത്. അഴിമതി, തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ബിജെപിക്ക് എന്തുതാല്പര്യമില്ല? ജനങ്ങളെ സേവിച്ചുകൊണ്ട് അധികാരത്തില്‍ തുടരാനാണ് ശ്രമിക്കേണ്ടത്,' അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us