മദ്യനയക്കേസ്: കെജ്‌രിവാളിനും സിസോദിയക്കും തിരിച്ചടി; കുറ്റമുക്തരാക്കിയ വിധിയിൽ ഹൈക്കോടതി ഇടപെടൽ

വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ കെജ്രിവാളിനും മറ്റ് 22 പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ എന്നിവരുള്‍പ്പെടെയുള്ളവരെ കുറ്റമുക്തരാക്കിയ വിചാരണ കോടതി വിധിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.

Advertisment

വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ കെജ്രിവാളിനും മറ്റ് 22 പ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


വിചാരണ കൂടാതെ പ്രതികളെ വെറുതെ വിട്ട റൗസ് അവന്യൂ കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഡല്‍ഹി കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.വിശദമായ വാദത്തിനായി കേസ് 2026 മാര്‍ച്ച് 16-ലേക്ക് മാറ്റി.


സിബിഐയുടെ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ, ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സിബിഐയുടെ കേസിലെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് ഇഡി കേസ് നിലനില്‍ക്കുന്നത് എന്നതിനാലാണ് ഈ നടപടി.


നേരത്തെ ഫെബ്രുവരി 27-ന്, കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, കെ. കവിത തുടങ്ങിയവരെ വിചാരണ കോടതി കുറ്റമുക്തരാക്കിയിരുന്നു. ഏറെ കാലത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇവര്‍ക്ക് ഈ ആശ്വാസം ലഭിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സിബിഐ ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു.

Advertisment