ഡല്‍ഹി: കെജ്രിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍.
ആരാണ് ഭീരുവെന്നും ധൈര്യവാനെന്നുമുള്ള കാര്യം രാജ്യത്തിന് അറിയാമെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. ഭയത്തെയും ധൈര്യത്തെയും കുറിച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു
രാഹുലിന്റെ കുടുംബത്തിന് നേരെ ബിജെപി ഭരണത്തിന്‍ കീഴില്‍ ഉയര്‍ന്ന് വന്നിട്ടുള്ള അന്വേഷണത്തില്‍ എന്ത് പ്രതിരോധമാണ് തീര്‍ത്തിട്ടുള്ളതെന്നും കെജ്രിവാള്‍ ചോദിച്ചു.
മോദി മദ്യ അഴിമതി പോലെ വ്യാജ കേസുകളുണ്ടാക്കി ആളുകളെ ജയിലിലടയ്ക്കുകയാണ്. എന്ത് കൊണ്ടാണ് നിങ്ങളുടെ കുടുംബത്തെ നാഷണല്‍ ഹെറാള്‍ഡ് പോലുള്ള കേസുകളില്‍ അവര്‍ അറസ്റ്റ് ചെയ്യാത്തതെന്നും കെജ്രിവാള്‍ ചോദിച്ചു
റോബര്‍ട്ട് വദ്രയ്ക്ക് എങ്ങനെയാണ് ബിജെപിയില്‍ നിന്ന് ക്ലീന്‍ ചിറ്റ് കിട്ടിയത്. അത് കൊണ്ട് തന്നെ ധൈര്യത്തെയും ഭീരുത്വത്തെയും കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലതെന്നും കെജ്രിവാള്‍ പറഞ്ഞു.