/sathyam/media/media_files/WxrgbRz3OK5Ed0VGBUM8.jpg)
ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിലെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേജ്‌രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ കേജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ തിഹാർ ജയിലിൽനിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മദ്യനയക്കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ മറ്റു പ്രതികളായ മനീഷ് സിസോദിയ, കെ.കവിത, വിജയ് നായര്‍ എന്നിവര്‍ക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മദ്യ നയ കേസിൽ മാർച്ച് 21നാണ് മുഖ്യമന്ത്രി കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേജ്‌രിവാൾ തിഹാർ ജയിലിൽ കഴിയവേ ജൂൺ 26 നാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.