/sathyam/media/media_files/uUtcua8PmG53fprUsEAJ.jpg)
ബെംഗളൂരു:കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ നിർദേശം നൽകി കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളിക്കൊണ്ടാണ് തെരച്ചിൽ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.
തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി മാത്രമാണ് തെരച്ചിൽ നിർത്തിവച്ചിരിക്കുന്നതെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് വന്നെങ്കിലും തെരച്ചിൽ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തൃശൂരിൽ നിന്ന് ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ കേരളം ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അർജുന്റെ കുടുംബത്തെ അറിയിച്ചു. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ കളക്ട്രേറ്റിലെത്തി വിവരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിൽ നിന്നുള്ള കൃഷി വകുപ്പ് സംഘം ഷിരൂരിലെത്തി പരിശോധിച്ച ശേഷം പുഴയിൽ ഡ്രഡ്ജർ ഇറക്കാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. ഗംഗാവലി പുഴയിൽ അടിയൊഴുക്കും ജലനിരപ്പും ഉള്ളതിനാലാണ് ഡ്രഡ്ജർ ഇറക്കാനാകില്ലെന്ന് സംഘം പറഞ്ഞിരുന്നത്.