ഡല്‍ഹി: ഇന്ത്യയില്‍ നിരവധി പ്രശസ്തമായ മാര്‍ക്കറ്റുകളുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ആളുകള്‍ ഷോപ്പിംഗിനായി ഇവിടേക്ക് വരുന്നു.
ചിലവേറിയ വിപണികളുടെ കാര്യത്തില്‍ ഡല്‍ഹി വിപണികളാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.
ന്യൂഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഖാന്‍ മാര്‍ക്കറ്റ് വെറുമൊരു മാര്‍ക്കറ്റ് മാത്രമല്ല ചരിത്രപരവും ചെലവേറിയതുമായ റീട്ടെയില്‍ ഹോട്ട്സ്പോട്ട് കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിപണിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
1951ല്‍ ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിനു ശേഷമുള്ള സംഭവങ്ങളുമായി ഈ സ്ഥലത്തിന്റെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു.
വിഭജനസമയത്ത് പാകിസ്ഥാനില്‍ നിന്ന് ഹിന്ദുക്കളെ സുരക്ഷിതമായി കൊണ്ടുവരാന്‍ സഹായിച്ച അബ്ദുള്‍ ജബ്ബാര്‍ ഖാന്റെ പേരിലാണ് ഈ മാര്‍ക്കറ്റ് അറിയപ്പെടുന്നത്. തുടക്കത്തില്‍ 50 രൂപയില്‍ താഴെയായിരുന്നു കടകളുടെ വാടക. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മേഖലകളിലൊന്നായി ഇത് മാറിയിരിക്കുന്നു
അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ഖാന്‍ മാര്‍ക്കറ്റിലെ ശരാശരി വാടക ചതുരശ്ര അടിക്ക് 1800 മുതല്‍ 2200 രൂപ വരെയാണ്. ഇവിടെ ഒരു കടയുടെ വാടക ആറുലക്ഷം രൂപയിലധികം വരും.
രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, മറ്റ് പ്രധാന കെട്ടിടങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള ലുട്ടിയന്‍സ് ഡല്‍ഹിയിലാണ് ഖാന്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഈ മാര്‍ക്കറ്റില്‍ നിരവധി പ്രശസ്ത ബ്രാന്‍ഡുകളും മികച്ച റെസ്റ്റോറന്റുകളും ഉണ്ട്.
ഷോപ്പിംഗും രുചികരമായ ഭക്ഷണവും ആസ്വദിക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.
സമ്പന്നരും ഉയര്‍ന്ന റാങ്കിലുള്ളവരുമായ ആളുകള്‍ക്കിടയില്‍ ഈ വിപണി വളരെ ജനപ്രിയമാണ്. താജ് മാന്‍ സിംഗ് ഹോട്ടലും സമീപത്തുള്ള മെട്രോ സ്റ്റേഷനും ഇത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നു
ഖാന്‍ മാര്‍ക്കറ്റിലെ ഭൂരിഭാഗം കടകളും ഇപ്പോഴും പാട്ടത്തിനാണ്. ഈ കടകളില്‍ ചിലത് 1956-ല്‍ സര്‍ക്കാര്‍ വിറ്റു. പാട്ടത്തിനെടുത്ത കടകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ കച്ചവടക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത്.
മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ തന്നെയാണ് തുടരുന്നത്. ഒരിക്കല്‍ ഈ മാര്‍ക്കറ്റിന്റെ പേര് മാറ്റാന്‍ നിര്‍ദേശം വന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അത് നിര്‍ത്തിവച്ചു.