നരേന്ദ്ര മോദിയെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്; ഈ നീക്കം ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ല; ജനങ്ങള്‍ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കില്‍ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അപകടത്തിലാകുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

വിഭവങ്ങളാൽ സമ്പന്നമായ ഒഡീഷയെ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാക്കി മുഖ്യമന്ത്രി പട്‌നായിക് മാറ്റിയെന്നും, തൊഴിലവസരങ്ങൾ തേടി മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറാൻ ഒഡീഷയിലെ ജനങ്ങളെ നിർബന്ധിതരാക്കിയെന്നും ഖാർഗെ വിമർശിച്ചു. 

New Update
kharge

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി അവതരിപ്പിക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി നേതാവ് സംബിത് പത്ര ജഗന്നാഥനെ മോദിയുടെ അനുയായി എന്ന് വിശേഷിപ്പിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം.

Advertisment

ഇത്തരത്തിലുള്ള നീക്കം ഇന്ത്യയിലെ ജനങ്ങൾ അംഗീകരിക്കില്ല. ജനങ്ങൾ വിവേകത്തോടെ വോട്ട് ചെയ്തില്ലെങ്കിൽ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും അപകടത്തിലാകുമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു. 

"ഹിന്ദു ധർമ്മത്തിൽ, രാമൻ, കൃഷ്ണൻ, വാമനൻ, പരശുരാമൻ തുടങ്ങിയ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങൾ നാം കേട്ടിട്ടുണ്ട്. ഇപ്പോൾ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി മോദിയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് ”ഖാർഗെ പറഞ്ഞു.

ബിജെപിയെയും ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയെയും വിമർശിച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. ഇരുവരും പരസ്പരം സഹായിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ ബിജെപി മുഖ്യമന്ത്രി നവീൻ പട്നായിക്കിനെതിരെ തിരിഞ്ഞതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ 25 വർഷത്തെ സർക്കാരും മോദിയുടെ 10 വർഷത്തെ ഭരണവും ചേർന്ന് ഒഡീഷയെ പൂർണ്ണമായും നശിപ്പിച്ചു. നേരത്തെ പട്നായിക്കിനെ പുകഴ്ത്തിയ അതേ ബിജെപി നേതാക്കൾ തന്നെ ഇപ്പോൾ കളിയാക്കുന്നത് ഒഡീഷയ്ക്ക് അപമാനമാണ്" . ഖാർഗെ പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം എൻജിനീയറിങ്, മെഡിക്കൽ കോളജുകളടക്കം വന്നത് കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം നടന്നപ്പോഴാണ്. ഒഡീഷയിലും ആ കാലത്ത് വികസന പുരോഗതിയാണുണ്ടായത്. 

വിഭവങ്ങളാൽ സമ്പന്നമായ ഒഡീഷയെ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമാക്കി മുഖ്യമന്ത്രി പട്‌നായിക് മാറ്റിയെന്നും, തൊഴിലവസരങ്ങൾ തേടി മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറാൻ ഒഡീഷയിലെ ജനങ്ങളെ നിർബന്ധിതരാക്കിയെന്നും ഖാർഗെ വിമർശിച്ചു. 

Advertisment