'ഞങ്ങൾ പോരാടുന്നത് നിലനിൽപ്പിനായുള്ള യുദ്ധം'; ഡൽഹിയിൽ നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ ഉപമന്ത്രി

ഇറാനെ ലക്ഷ്യം വയ്ക്കുന്ന അമേരിക്കന്‍ സൈനിക താവളങ്ങളെയും വിക്ഷേപണ കേന്ദ്രങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.

New Update
Untitled

ഡല്‍ഹി: ഇസ്രായേലും അമേരിക്കയുമായി നിലനില്‍ക്കുന്ന കടുത്ത സംഘര്‍ഷം ഇറാന്റെ നിലനില്‍പ്പിനായുള്ള യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി സയീദ് ഖത്തീബ്‌സാദെ. ന്യൂഡല്‍ഹിയില്‍ നടന്ന 'റെയ്സിന ഡയലോഗ് 2026'-ല്‍ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.

Advertisment

ഇറാന്‍ നിലവില്‍ പ്രതിരോധത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ എതിര്‍പക്ഷത്തെ രാജ്യങ്ങള്‍ തയ്യാറായാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇറാനും ഒരുക്കമാണ്. നയതന്ത്രം എന്നാല്‍ വിട്ടുവീഴ്ചകളാണെന്നും അത് ഒരാളുടെ മാത്രം താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കലല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ഇറാനെ ലക്ഷ്യം വയ്ക്കുന്ന അമേരിക്കന്‍ സൈനിക താവളങ്ങളെയും വിക്ഷേപണ കേന്ദ്രങ്ങളെയുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ജനവാസ മേഖലകളിലാണെങ്കില്‍ പോലും രാജ്യസുരക്ഷ മുന്‍നിര്‍ത്തി തിരിച്ചടി നല്‍കാന്‍ ഇറാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

പുരാതനമായ ഒരു സംസ്‌കാരത്തെ തകര്‍ക്കാനാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കമെങ്കില്‍, പശ്ചിമേഷ്യയിലെ യുഎസ് സാന്നിധ്യം പുനഃപരിശോധിക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


ഇറാനിലെ ഭരണനേതൃത്വത്തെ വധിച്ചതുകൊണ്ട് രാജ്യം തകരുമെന്നത് മിഥ്യാധാരണയാണ്. ഇറാന്‍ കേവലം ഒരു 'ഭരണകൂടം' മാത്രമല്ല, ശക്തമായ സാമൂഹിക അടിത്തറയുള്ള ഒരു രാജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.


യുദ്ധം പടരാതിരിക്കാന്‍ ഇറാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇസ്രായേലിന്റെ ഇടപെടലുകള്‍ കാരണം ഇതൊരു പ്രാദേശിക യുദ്ധമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേലാണെന്നും ഖത്തീബ്‌സാദെ പറഞ്ഞു.

Advertisment